Site iconSite icon Janayugom Online

റേസിങ്ങ് പരിശീലനം; നടന്‍ അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; അദ്ഭുതകരമായി രക്ഷപ്പെട്ടു

കാര്‍ റേസിങ്ങിനോടുള്ള നടന്‍ അജിത്തിനുള്ള പ്രിയം ഏറെ പ്രശസ്തമാണ്. ബാഴ്‌സലോണയിലെ റേസിങ് ട്രാക്കുകളിലടക്കം താരം കാര്‍ റേസിങ് പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ദുബായില്‍ പരിശീലനത്തിനിടെ താരം ഓടിച്ച കാര്‍ അപകടത്തില്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. താരം പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൊവ്വാഴ്ച ദുബായിലെ റേസിങ് ട്രാക്കിലെ പരിശീലനത്തിനിടെയായിരുന്നു അപകടമുണ്ടായത്. അജിത്ത് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഏറെനേരം വട്ടംകറങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. 24എച്ച് ദുബായ് 2025 എന്നറിയപ്പെടുന്ന 24 മണിക്കൂര്‍ റേസിനായുള്ള തയ്യാറെടുപ്പിലായിരുന്നു അജിത്തും ടീം അംഗങ്ങളും. മാത്യു ഡെട്രി, ഫാബിയന്‍ ഡഫിയൂക്സ്, കാമറൂണ്‍ മക്ലിയോഡ് എന്നിവരാണ് ടീം അംഗങ്ങള്‍.

മാസങ്ങള്‍ക്കു മുമ്പാണ് അജിത്ത് ‘അജിത് കുമാര്‍ റേസിങ്’ എന്ന പേരില്‍ സ്വന്തം റേസിങ് ടീം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ബാഴ്സലോണയില്‍ ഒരു ടെസ്റ്റ് സെഷനുവേണ്ടിയും അജിത്ത് പോയിരുന്നു. റേസിനായി ഷാര്‍ജയിലെ ട്രാക്കിലും അജിത്തും സംഘവും പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു.

Exit mobile version