നമ്മിൽ നാം എന്തു പകരുന്നുവോ അതാണ് നാം. നമ്മോട് നാം വിഷാദം പറഞ്ഞാൽ വിഷാദിയായിരിക്കും, ഗുണാത്മക ചിന്തകൾ പകർന്നാൽ കൂടുതൽ ഊർജസ്വലരാകും നമ്മൾ. മനുഷ്യനെ പൊതുവെ വലയംചെയ്യുന്നത് അശാന്തിയും സുരക്ഷിതത്വബോധമില്ലായ്മയുമാണ്. പദവികൾക്കും സമ്പത്തിനും വേണ്ടിയുള്ള നെട്ടോട്ടം. അവ നേടാനും നിലനിർത്താനും ഏതു ഹീന മാർഗവും ഉപയോഗിക്കുന്നു. മനസിന്റെ അശാന്തിയും സംഘർഷവും സുരക്ഷിതത്വമില്ലായ്മയും മറയ്ക്കാൻ ദന്തഗോപുരങ്ങൾ പണിയുന്നു. അധികാരവും അമിതാധികാരവും പരിധിയില്ലാത്ത സമ്പത്തും ആശ്ലേഷിച്ച്, അവയിൽ മതിമറന്നു നീരാടുന്നു. മറ്റു ചിലർ അവയിൽ നിന്ന് രക്ഷനേടാൻ സ്വന്തം സംസ്കാരത്തെക്കുറിച്ച്, അമിത ദേശീയതയെക്കുറിച്ച്, സ്വന്തം ഭാഷയെക്കുറിച്ച്, തൊലിയുടെ നിറത്തെക്കുറിച്ച്, വംശത്തെക്കുറിച്ച്, സ്വന്തം മതത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നു. പക്ഷെ ഇവരാരും ഓർക്കുന്നില്ല ആരും അനശ്വരരല്ല എന്ന്. ഒരു കുട്ടി ജീവിതം ആസ്വദിക്കാൻ യുവാവാകുന്നതിനു വെമ്പൽ കൊള്ളുന്നു. യുവാവായി ജീവിച്ചു മുന്നേറുമ്പോൾ കഴിഞ്ഞുപോയ കുട്ടിക്കാലത്തിന്റെ മനോഹാരിതയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ഇടയ്ക്കിടെ സംസാരിക്കുന്നു. പ്രായമാകുമ്പോൾ മനുഷ്യൻ സ്വന്തം ഭാരത്തെ കുറിച്ചോർത്തു പരിതപിക്കുന്നു.
ദാരിദ്ര്യം അനുഭവിക്കുന്ന ജനതയുടെ എണ്ണം നിത്യേന വർധിക്കുന്നുവെന്നു മാത്രമല്ല, എല്ലാം നഷ്ടപ്പെട്ടവരുടെ വേദനകൾ ദൈനംദിനം അവർ അനുഭവിക്കുന്നു. അതിസമ്പന്നരും ധനാഢ്യരും സമ്പത്തിന്റെ ആധിക്യം മൂലം അശാന്തിയെ പുൽകുന്നു. തന്നെക്കാൾ സമ്പത്തുള്ളവരോട് അസൂയ വർധിക്കുന്നു. സുരക്ഷിതത്വമില്ലായ്മ വർധിക്കുന്നു. ഈ ലോകത്ത് ആശങ്ക കൊണ്ടും വേദന കൊണ്ടും കരയാത്തവർ ഉണ്ടാകില്ല. ഭയവും, ആകാംക്ഷയും, പരിഭ്രാന്തിയും, അസ്ഥിരതയും ബാധിക്കാത്ത ഹൃദയങ്ങളും ഉണ്ടാവില്ല. മനുഷ്യകുലത്തിൽ ഭൂരിഭാഗവും ഏതെങ്കിലും തരത്തിലുള്ള വഞ്ചനയ്ക്ക് വിധേയരായവരാകും. കൂടെ നിൽക്കുന്നവരുടെ പിന്നിൽ നിന്നുള്ള കുത്ത് ഏറ്റിട്ടുള്ള മനുഷ്യർ ധാരാളമുണ്ടാകാം. പലരെയും അവർ ഇരിക്കുന്ന പദവിയിൽ നിന്ന് തള്ളിത്താഴെയിട്ടവർ അനേകമുള്ള ലോകമാണിത്. ഇതിഹാസ ഗ്രന്ഥങ്ങൾ തന്നെ നിരവധി ഉദാഹരണങ്ങൾ നിരത്തുന്നു. കഠിനാധ്വാനത്തിലൂടെ പടുത്തുയർത്തിയ ജീവിതം ഒരു നിമിഷം കൊണ്ടു തകർക്കുന്നവരെയും കാണാം. ഇന്നത്തെ ലോകത്തിൽ മനുഷ്യർ ശ്വാനനും മാർജാരനും പശുവിനും കൂടുതൽ പരിഗണന നൽകുമ്പോൾ സ്വന്തം സഹജീവികളായ മനുഷ്യരെ വെറുക്കുന്നു, കൊല്ലുന്നു. അതും ജാതിയുടെ, മതത്തിന്റെ വംശത്തിന്റെ, നിറത്തിന്റെ, ഭാഷയുടെ, വേഷത്തിന്റെ, ഭക്ഷണത്തിന്റെ, ആരാധനാ വിശ്വാസങ്ങളുടെ പേരിൽ. ഇതൊക്കെ നിരന്തരം സംഭവിക്കുമ്പോഴും എന്തേ മനുഷ്യർ അവന്റെ സങ്കുചിത മനസിനെക്കുറിച്ച്, ക്രൂരതകളെക്കുറിച്ച് ചിന്തിക്കാത്തത്. ശ്രീബുദ്ധൻ പറഞ്ഞ പ്രസിദ്ധമായ ഒരു വചനം ‘മനുഷ്യൻ എന്നാൽ അവന്റെ ചിന്തയാണ്’.
ഇതുകൂടി വായിക്കൂ: അധിനിവേശവും കുടിയിറക്കവും
നിഷേധചിന്തകൾ മാത്രം കൈമുതലാക്കി, മറ്റുള്ളവരുടെ ദോഷം മാത്രം കണ്ട് അസൂയയും വിദ്വേഷവും മനസിൽ ആളിക്കത്തിച്ച്, മറ്റുള്ളവരെ അഭിനന്ദിക്കാനുള്ള ശക്തി ഇല്ലാതാക്കി, സ്തുതിപാഠകരുടെ വൃന്ദത്തിൽ മാത്രം കഴിയുമ്പോൾ, അവനവനോട് പോലും സർഗാത്മക വർത്തമാനം പറയില്ല. അത്തരം മനുഷ്യർ നശീകരണ ചിന്തകൾ മാത്രം മനസിൽ വളർത്തി അവനവനെയും ലോകത്തെയും നശിപ്പിക്കുന്നു. ഒരു ജനതയുടെയും സ്വത്വരൂപീകരണത്തിന്റെ വഴികൾ ലളിതമല്ല. നേർവരയിലൂടെയല്ല ഒരു ചരിത്രത്തിന്റെയും സഞ്ചാരം. പുരോഗതിയും പരിണാമവും സംഘർഷവും പതനവും പ്രതിരോധവും സർഗാത്മകതയും ഉയിർത്തെഴുന്നേല്‍പ്പുമായി ഏതു ജനതയുടെയും സ്വത്വാരോഹണത്തിനുള്ളത് ക്രമരഹിതമായ പടവുകളാണ്, ഊടുവഴികളും. അത് തുടങ്ങുന്നത് സ്വയം കണ്ടെത്തിക്കൊണ്ടാണ്. അധിനിവേശത്തിൽ ഞെരിഞ്ഞമർന്ന ജനത സ്വാതന്ത്ര്യത്തെക്കുറിച്ച് പല സ്വപ്നങ്ങൾ കണ്ടു. അവരുടെ നൂറ്റാണ്ടുകളായുള്ള പോരാട്ടങ്ങളിൽ പലതരം മിത്തുകൾ ഉണ്ടായിട്ടുണ്ട്. അതിൽ അർത്ഥപൂർണമായ സ്വാതന്ത്ര്യദർശനമാണ് ഏകാന്തത. എത്രയോ ദശാബ്ദങ്ങളായി നിഷ്ഠുരമായി കൊലചെയ്യപ്പെടുന്ന മർദിക്കപ്പെടുന്ന ജനത, അവർ അവരോട് തന്നെ പലതും പറഞ്ഞിട്ടുണ്ടാകും തീർച്ചയായും. അസന്ദിഗ്ധമായ പോരാട്ടങ്ങൾ ദശാബ്ദങ്ങളായി നിരന്തരം തുടരുന്നതിനാല്‍ അവർക്ക് അവരെ അറിയാം, അവരുടെ ശക്തി അറിയാം. ആശയം ദൃഢമാണ് അവരുടെ മനസിൽ. വെറും കൂട്ടക്കൊലയല്ല, ഒരു ജനഗണത്തിന്റെ സഞ്ചിത സ്വത്വത്തെ അക്രമാസക്തമായി ഉന്മൂലനം ചെയ്യലാണ് ജെനോസൈഡ് എന്ന വംശഹത്യ.
സഞ്ചിതസ്വത്വത്തെ നിലനിർത്തുന്ന സാമൂഹിക സ്ഥാപനങ്ങൾ നശിപ്പിക്കലും വ്യക്തികളെ ശാരീരികമായി ഇല്ലാതാക്കലും വഴി പ്രവർത്തിക്കുന്ന ബഹുദിശകളിലുള്ള പ്രക്രിയയാണത്. രാഷ്ട്രങ്ങളും സായുധവിഭാഗങ്ങളും മത സംഘങ്ങളുമെല്ലാം നടത്തിയിട്ടുള്ള വംശഹത്യകളുടെ ചരിത്രമായിക്കൂടി രേഖപ്പെടുത്താവുന്നതാണ് നാളിതുവരെയുള്ള മാനവചരിത്രം. മനുഷ്യൻ മനുഷ്യനെ കൊന്നില്ലാതാക്കുന്ന വംശഹത്യാപാതകത്തിന്റെ കാരണങ്ങൾ പലതാണ്. അധികാരവും രാഷ്ട്രീയവും ന്യൂനപക്ഷ വിരോധവും വിശ്വാസ വിരോധവും വംശീയ, ദേശീയ, മതഭേദങ്ങളും അതിന്റെ പിന്നിലുണ്ട്. വംശീയവും ലൈംഗികവും മതപരവും ഗോത്രപരവുമായ ന്യൂനപക്ഷങ്ങളെ ബോധപൂർവം നശിപ്പിക്കുന്ന വംശഹത്യകൾക്കു പിന്നിലെല്ലാം ഭരണകൂടങ്ങളെയോ അവരുടെ ഏജൻസികളെയോ കാണാം. കൂട്ടക്കൊല മാത്രമല്ല, പട്ടിണിക്കിടലും ദേശഭ്രഷ്ടമാക്കലും രാഷ്ട്രീയവും സാമ്പത്തികവും ജീവശാസ്ത്രപരവുമായ കീഴ്പ്പെടുത്തലും വംശഹത്യാ പദ്ധതിയിൽ ഉൾപ്പെടും. പ്രത്യയശാസ്ത്രവും സാങ്കേതിക വിദ്യയും സംഘടനാ ശക്തിയും അതിൽ നിർണായക പങ്കുവഹിക്കുന്നു. അർമീനിയ, കംബോഡിയ, ജൂത സംഹാരം, ഉക്രെയ്ൻ, ബംഗ്ലാദേശ്, കോംഗോ, റുവാണ്ട, ബോസ്‌നിയ, കുർദുകളുടെ കൂട്ടക്കൊല, ഗുജറാത്ത്, സയണിസം, നവ നാസിസം, മെക്സിക്കോയിൽ നടന്ന കൊലകൾ, പലസ്തീനിലെ വംശഹത്യ ഇവയെല്ലാം മനുഷ്യന്റെ, ഭരണകൂടങ്ങളുടെ ബീഭത്സതയിൽ നിന്ന് ഉടലെടുത്തു. അതില്‍ വംശീയതയും മതാന്ധതയും ഒക്കെ കാണാം. മനുഷ്യത്വ വിരുദ്ധമായ ചിന്തകളിൽ നിന്ന്, ഭരണകൂടങ്ങളുടെ അധികാര പ്രമത്തതയിൽ നിന്ന് മതമൗലികവാദ, വംശീയ, ഗോത്ര ചിന്തകളിൽ നിന്നാണ് അത് വരുന്നത്. മനുഷ്യവിരുദ്ധമായ ചിന്തകളിൽ വളരുന്ന സാത്താനെ, വിളയുന്ന തിന്മയെ, ബഹുശിരസായ അസഹിഷ്ണുതയെ, മനുഷ്യന് വേണ്ടിയുള്ള ധീരശബ്ദങ്ങളെ നിശബ്ദമാക്കാൻ പായുന്ന ഭീഷണികളെ, വെടിയുണ്ടകളെ, സംവാദവിരുദ്ധവും ഭാഷണ വിരുദ്ധവുമായ ഫാസിസത്തെ, നിരന്തരം പ്രവാസിയാക്കപ്പെടുന്ന സ്വാതന്ത്ര്യത്തെ അറിയാനും ചെറുക്കാനും ജനകീയ പ്രതിരോധ മൂല്യങ്ങൾക്കൊപ്പം നിൽക്കണം. അധിനിവേശത്തിന്റെ കൊടുംക്രൂരതകളെ ശക്തമായി നേരിടണം.
ഇതുകൂടി വായിക്കൂ: പലസ്തീന്‍ കൂട്ടക്കുരുതി, മറ്റൊരു ഹൊളോകാസ്റ്റ്’
ഫാസിസത്തിലും സയണിസത്തിലും സംവാദ സംസ്കാരമില്ല. അവർക്ക് താല്പര്യം വംശഹത്യയിലാണ്. അവിടെയുള്ളത് ആജ്ഞയും അനുസരണവും മാത്രം. എതിർവാക്കിന്റെ ഉന്മൂലനം മാത്രം. അവർ മനുഷ്യജീവന് ഒരു വിലയും കല്പിക്കില്ല. നിരപരാധികളായ കുഞ്ഞുങ്ങളെയും ഗർഭിണികളെയും ഗർഭസ്ഥ ശിശുക്കളെയും അവർ കൊല്ലുന്നു. കൂട്ട നിലവിളികൾ കേട്ട് അവർ ഭ്രാന്തമായി ആക്രോശിക്കുന്നു. അവർ ഓഷ് വിറ്റസും, ബുക്കൻവാൾഡും വീണ്ടുംവീണ്ടും സൃഷ്ടിക്കാൻ എന്നും തയ്യാറാണ്. മനുഷ്യന്റെ, ഭരണകൂടത്തിന്റെ ചിന്തകൾ, അവനവനിലും അവന്റെ മതത്തിലും വംശത്തിലും ഗോത്രത്തിലും സാമ്പത്തിക ലാഭത്തിലും അധികാരം പരമാധികാരമാക്കുന്നതിലും ബന്ധുമിത്രാദികളിലും സ്വജനപക്ഷപാതത്തിലും മാത്രം വിഹരിക്കുമ്പോൾ മനുഷ്യരഹിതമായ, ബീഭത്സമായ സംഭവങ്ങൾ ഉടലെടുക്കും. മതവും വംശീയതയും അധികാരവും പ്രതികാരവും പ്രതിഷേധവും എല്ലാം കുഴച്ചുരുട്ടിയെടുത്ത ഒരു കരിമരുന്നു പ്രത്യയശാസ്ത്ര സംഹിതയാണ് സയണിസം. ദുരമൂത്ത സാമ്രാജ്യത്വ ശക്തികൾ സയണിസ്റ്റുകളെയും ഫാസിസ്റ്റുകളും താങ്ങിനിർത്തുന്നു. വംശഹത്യ നടക്കുമ്പോൾ ഭരണകൂടങ്ങൾ മൗനം പാലിക്കുന്നു. മനുഷ്യനു വേണ്ടി ചിന്തിക്കുന്നില്ല, സ്വയം സംസാരിക്കുന്നില്ല. ചരിത്രത്തെ വളച്ചൊടിച്ച് പുതിയ വംശീയ ചരിത്രത്തെ സൃഷ്ടിക്കുന്നു. ചരിത്രം പരിശോധിച്ചാൽ കാണാം, തങ്ങൾ പിടച്ചെടുക്കുന്ന ജനപദങ്ങളെ പൂർണമായി നശിപ്പിച്ചു കുളംതോണ്ടുന്ന പ്രവണത. അധിനിവേശ കാലങ്ങളിൽ പ്രത്യേകിച്ചും. കുഞ്ഞുങ്ങളെ വരെ കൊന്ന്, ആയുധങ്ങളിൽ കോർത്ത് ഭാവിതലമുറയെപ്പോലും ഇല്ലാതാക്കുന്ന നൃശംസത നടത്തുന്നു. ഒരുപാട് ജനപദങ്ങൾ കടലിൽ കപ്പലെന്ന പോലെ കത്തിയമർന്നു. അവയുടെ ഭൗതികവും ആത്മീയവും സാംസ്കാരികവുമായ ഭൂതകാലം പോലും സർവനാശത്തിന്റെ ആഴങ്ങളിൽ കുഴിച്ചുമൂടപ്പെട്ടു. അത്തരം ഭയാനകമായ പ്രവൃത്തി ചെയ്യുന്നവർ അവനവനോട് സംസാരിക്കുന്നില്ല. അവർ അവരോടു തന്നെ പറയുന്നത് ദുഷ്ടതയും ക്രൂരതയും മാത്രം. അതിലൂടെ അതിബീഭത്സമായ തിന്മ വിവരിക്കുന്നു. അതിനെതിരെ നമ്മൾ സർഗാത്മകതയുടെ, മാനവികതയുടെ വർത്തമാനം നമ്മളോടു തന്നെ പറയുക. ഓർക്കുക, നാം നമ്മോടു തന്നെ പറയുന്നതാണ് പ്രധാനം.