ഗുജറാത്തിനെപ്പോലെ തീവ്ര ഹിന്ദുത്വ പരീക്ഷണശാലയായി മാറിയ ഉത്തർപ്രദേശിനോട് അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. സമാനമായ രീതിയില്‍ തീവ്ര ഹിന്ദുത്വ ശക്തികളുടെ നിറഞ്ഞാട്ടവും അതിനനുസൃതമായ ഭരണ നടപടികളും ശക്തമായിരിക്കുകയാണ് ഉത്തരാഖണ്ഡിലും. തീവ്ര ഹിന്ദുത്വ തേർവാഴ്ചക്കാലത്ത് നാം കേൾക്കുന്ന എല്ലാ പദങ്ങളും ഇവിടെ ഗുണ്ടാവിളയാട്ടത്തിന്റെയും വെറുപ്പ് പടർത്തുന്നതിനുള്ള സർക്കാർ നടപടികളുടെയും പര്യായമായി മാറിയിരിക്കുകയാണ്. ലൗ ജിഹാദ്, ലാന്റ് ജിഹാദ്, മസർ (മുസ്ലിം വിശുദ്ധരുടെ ശവകുടീരം) ജിഹാദ്, ബിരിയാണി ജിഹാദ് എന്നിവയ്ക്ക് പുറമേ യുപിയിൽ നിന്ന് സജീവമായി കേട്ടുകൊണ്ടിരുന്ന തുപ്പൽ ജിഹാദും ഇതിനായി ഉപയോഗിക്കുകയാണ് ഉത്തരാഖണ്ഡ് സംസ്ഥാന ബിജെപി സർക്കാരും സംഘ്പരിവാർ ക്രിമിനൽ സംഘങ്ങളും.
ഒക്ടോബർ 19 ശനിയാഴ്ചയാണ് അനധികൃതമെന്നാരോപിച്ച് ഹരിദ്വാറിലെ മസർ ഇടിച്ചുനിരത്തിയത്. മിർപൂർ ഗ്രാമത്തിൽ 15–20 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണ് ഇത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കഴിഞ്ഞ മാർച്ചിലായിരുന്നു ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്. 2023 മേയ്-ഓഗസ്റ്റ് മാസങ്ങളിൽ, മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി മുഖ്യമന്ത്രിയായ ബിജെപി സർക്കാർ ഉത്തരാഖണ്ഡിലെ 465 മസറുകൾ കയ്യേറ്റമാരോപിച്ച് തകർത്തിരുന്നു. പേരുദോഷം ഒഴിവാക്കാൻ ഇതിനൊപ്പം ചില ക്ഷേത്രങ്ങൾക്കും നോട്ടീസ് നൽകി ഒഴിപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി എട്ടിന് നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനി നഗരത്തിലെ ബൻഭൂൽപുരയിൽ അനധികൃത നിർമ്മാണമെന്നാരോപിച്ച് ഒരു മുസ്ലിം പള്ളിയും മദ്രസയും തകർത്തു. ഇതിനെതിരായ കേസ് ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ നടക്കുന്നതിനിടെയായിരുന്നു തകർക്കൽ. തുടർന്നുണ്ടായ അക്രമ സംഭവങ്ങളിൽ ആറ് പേർ കൊല്ലപ്പെടുകയും മുസ്ലിം ജനതയെ പൊലീസ് അടിച്ചമർത്തുകയും ചെയ്തു. നിരവധി പേരെ ഏകപക്ഷീയമായി കസ്റ്റഡിയിലെടുത്ത പൊലീസ്, കുറ്റാരോപിതരെന്ന് പറഞ്ഞ് മുസ്ലിങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിലേക്കുള്ള പ്രവേശനം തടഞ്ഞു. അതോടെ പലരും പലായനം ചെയ്തു.
ഇതിന് പുറമെയാണ് ലൗ ജിഹാദിന്റെ പേരിലുള്ള സർക്കാർ നടപടികളും തീവ്ര ഹിന്ദുത്വ ശക്തികളുടെ അതിക്രമങ്ങളും. ജനങ്ങൾക്കിടയിൽ വിദ്വേഷത്തിന്റെ വിത്തുപാകാനും സർക്കാർ തന്നെ വെറുപ്പ് പടർത്താനും ശ്രമിക്കുമ്പോൾ ഇരുവിഭാഗങ്ങളും അവരവരുടെ ശക്തിക്കനുസരിച്ച് പരസ്പരം പോരടിക്കുകയാണ് ഇവിടെ. തീവ്ര ഹിന്ദുത്വ സംഘടനകൾക്ക് ശക്തമായ സംഘടനാ — ആയുധ സംവിധാനങ്ങളും സർക്കാരിന്റെ പൂർണ പിന്തുണയും പ്രോത്സാഹനവുമുണ്ട് എന്നതിനാൽ അവരുടെ അതിക്രമങ്ങൾ വ്യാപകമാകുകയും നേരിയ ചെറുത്ത് നില്പിന് പോലും അവസരമില്ലാതെ പലായനം ചെയ്യുകയുമാണ് പലയിടങ്ങളിലെയും മുസ്ലിങ്ങൾ.
രുദ്രപ്രയാഗ് ജില്ലയിലെ സോൺപ്രയാഗിൽ അഹിന്ദുക്കൾക്കും രോഹിങ്ക്യൻ മുസ്ലിങ്ങൾക്കും പ്രവേശനമില്ലെന്ന ബോർഡ് വച്ചതിന്റെ വാർത്തകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത് സെപ്റ്റംബർ അഞ്ചിനായിരുന്നു. ന്യൂനപക്ഷങ്ങൾക്ക് നേരെ വർധിച്ചുവരുന്ന ഭീഷണികൾക്കും അതിക്രമങ്ങൾക്കുമിടയിലായിരുന്നു പ്രവേശനം നിരോധിച്ചുകൊണ്ടുള്ള പൊതു ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. മുസ്ലിങ്ങൾ നടത്തുന്ന കടകളും വ്യാപാര സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയും കൊള്ളയടിക്കുകയും ചെയ്ത നിരവധി സംഭവങ്ങളും സംസ്ഥാനത്ത് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
സെപ്റ്റംബറിൽ ചമോലി ജില്ലയിലെ നന്ദപ്രയാഗിന് സമീപമുള്ള നന്ദ്ഘട്ട് മാർക്കറ്റിൽ ബാർബർ ഷോപ്പ് നടത്തുന്ന യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അസഭ്യം പറഞ്ഞെന്ന് ആരോപിക്കപ്പെടുകയും വൻ അക്രമങ്ങൾക്ക് ഇടയാക്കുകയും ചെയ്ത സംഭവമുണ്ടായി. ഈ സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് കുറ്റാരോപിതർ ഒളിവിൽ പോയി. പിന്നീട്, മുസ്ലിം സമുദായത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി ഹിന്ദുത്വ ഗ്രൂപ്പുകൾ പ്രകടനം നടത്തുകയും മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള ഏഴ് കടകളെങ്കിലും ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. മുസ്ലിങ്ങൾ പ്രാർത്ഥിച്ചിരുന്ന താൽക്കാലിക പള്ളിക്ക് കേടുപാടുകൾ വരുത്തിയ അക്രമികൾ ചില വാഹനങ്ങൾ തകർക്കുകയുമുണ്ടായി. ആരോപണവിധേയനായ ആരിഫ് ഖാനെ ബിജ്നോറിൽ നിന്ന് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും അക്കാര്യം പുറത്തറിയിക്കാതെയായിരുന്നു അതിക്രമങ്ങൾ നടത്തിയത്. ഇതിൽ നിന്നുതന്നെ ആക്രമണങ്ങൾ അധികൃതരുടെ ഒത്താശയോടെയാണെന്ന് മനസിലാക്കാവുന്നതാണ്.
2017 മുതൽ ന്യൂനപക്ഷ മുസ്ലിം സമുദായത്തെ നിസാര പ്രശ്നങ്ങളുടെ പേരിൽ ലക്ഷ്യമിട്ട് നാടുകടത്താൻ നിർബന്ധിതരാക്കിയ നിരവധി കേസുകൾ ഉണ്ടായിട്ടുണ്ടെന്ന് മുസ്ലിം സംഘടനകൾ സെപ്റ്റംബറിൽ ഉദാഹരണ സഹിതം സംസ്ഥാന പൊലീസ് മേധാവിയെ കണ്ട് അറിയിക്കുകയുണ്ടായി. ഓഗസ്റ്റിൽ തെഹ്രി ഗഡ്വാളിലെ കീർത്തിനഗർ ബ്ലോക്കിലെ ചൗരാസിൽ ചെറുകിട വ്യവസായങ്ങളിൽ ഏർപ്പെട്ടിരുന്ന പത്തോളം മുസ്ലിങ്ങൾ ലൗ ജിഹാദ് എന്ന പേരിൽ നാടുവിടാൻ നിർബന്ധിതരായി. 2023 ജൂണിൽ സമാനമായ കാരണത്താൽ പുരോലയിൽ മുസ്ലിങ്ങൾ ആക്രമിക്കപ്പെട്ടു.
മുസ്ലിം സമുദായത്തിൽപ്പെട്ട യുവാക്കൾ ഹിന്ദു പെൺകുട്ടികളെ പ്രണയിച്ച് വലയിലാക്കുന്നുവെന്നാണ് ലൗ ജിഹാദ് കൊണ്ട് ഹിന്ദുത്വ തീവ്ര ശക്തികൾ അർത്ഥമാക്കുന്നത്. അതേസമയം ഇതിന് വിപരീതമായ സംഭവങ്ങളും മുസ്ലിം ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്നതിനും ആട്ടിയോടിക്കുന്നതിനുമുള്ള അവസരമാക്കുന്ന സംഭവങ്ങളും സംസ്ഥാനത്ത് ഉണ്ടാകുന്നു. അതാണ് സെപ്റ്റംബർ അവസാനമുണ്ടായ സംഭവം തെളിയിക്കുന്നത്.
സെപ്റ്റംബർ 26 വ്യാഴാഴ്ച രാത്രി പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെയും ആൺകുട്ടിയെയും റെയിൽവേ പ്ലാറ്റ്ഫോമിൽ പൊലീസ് കണ്ടെത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ചോദ്യം ചെയ്യലിൽ, ഉത്തർപ്രദേശിലെ ബദുവാനിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത മുസ്ലിം പെൺകുട്ടി തന്റെ ഹിന്ദു കാമുകനെ കാണാൻ ഒളിച്ചോടി ഡെറാഡൂണിലെത്തിയതാണെന്ന് വ്യക്തമായി. വാർത്ത പരന്നതോടെ ഹിന്ദു, മുസ്ലിം സമുദായങ്ങളിലെ സ്വയംപ്രഖ്യാപിത നേതാക്കൾ റെയിൽവേ സ്റ്റേഷനിലെത്തി. നിരവധി കേസുകളിൽ പ്രതിയായ ബജ്റംഗ്‌ദൾ നേതാവ് വികാസ് വർമ്മ അനുയായികളുമായി സ്ഥലത്തെത്തുകയും പെൺകുട്ടിയെ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചയക്കരുതെന്നാവശ്യപ്പെടുകയും ചെയ്തു. ഡെറാഡൂൺ ദേവഭൂമിയായതിനാൽ അഭയം തേടിയെത്തിയ പെൺകുട്ടിയെ തിരിച്ചയ്ക്കരുതെന്നായിരുന്നു ബജ്റംഗ്‌ദൾ നേതാക്കളുടെ പിടിവാശി. നിയമപ്രകാരം പ്രവർത്തിക്കണമെന്ന് മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടു.
പെൺകുട്ടിയെ കാണാതായതുസംബന്ധിച്ച് മാതാപിതാക്കൾ ഉത്തർപ്രദേശ് പൊലീസിൽ പരാതി നൽകിയതായി റെയിൽവേ പൊലീസ് കണ്ടെത്തിയിരുന്നു. അതൊന്നും സമ്മതിക്കാതെ ബജ്റംഗ്‌ദൾ പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമായി പരിണമിച്ചു. അക്രമത്തിലും തീവയ്പിലും ചില തീവണ്ടികളുടെ കോച്ചുകളും വാഹനങ്ങളും തകർന്നു. പൊലീസ് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇരുസമുദായങ്ങളിൽ നിന്നുമായി ഏഴ് പേർക്കെതിരെ കേസെടുത്തു. ബജ്റംഗ്‌ദൾ തലവൻ വികാസ് വർമ്മയും അവരിൽ ഒരാളായിരുന്നു. എന്നാൽ അടുത്ത ദിവസം രാവിലെ മുതൽ ബജ്റംഗ്‌ദളിലെയും ബിജെപി-ആർഎസ്എസിലെയും മറ്റ് ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകളിലെയും അംഗങ്ങള്‍ സംഘടിച്ചെത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച അവർ വർമ്മയെ ഉടൻ മോചിപ്പിക്കണമെന്നും ഡെറാഡൂൺ എസ്എസ്‌പി അജയ് സിങ്ങിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ റോഡിൽ ഹനുമാൻ ചാലിസയും വിളിച്ചു. പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത സിറ്റി ബിജെപി പ്രസിഡന്റ് സിദ്ധരത് ഉമേഷ് അഗർവാൾ ഉൾപ്പെടെ മുതിർന്ന ഹിന്ദുത്വനേതാക്കൾ വികാസ് വർമ്മയെ ഉടൻ മോചിപ്പിക്കുമെന്ന് ഉറപ്പ് നൽകി. പിന്നീട്, ടൗൺ പൊലീസ് സ്റ്റേഷനിലെത്തിയ ഉമേഷ് അഗർവാൾ ‚വർമ്മയെ പുറത്തിറക്കി കൊണ്ടുവന്നു. തുടർന്ന് അദ്ദേഹത്തെ ആനയിച്ച് വൻഘോഷയത്രയോടെ പിരിഞ്ഞുപോകുകയായിരുന്നു. ബിജെപിക്കാരും തീവ്ര ഹിന്ദുത്വ സംഘടനകളും നിയമം കയ്യിലെടുക്കുമ്പോഴും പൊലീസ് നോക്കിനിൽക്കുകയായിരുന്നു.
തുപ്പൽ ജിഹാദും ഭൂമി ജിഹാദും അനുവദിക്കില്ലെന്ന് പറഞ്ഞ് മസ്ലിം വ്യാപാരികളെയും കുടുംബങ്ങളെയും വ്യാപകമായി വേട്ടയാടുകയാണ് മറ്റൊരു രീതി. പൊലീസും ക്രിമിനൽ സംഘങ്ങളും ഒരുപോലെ ഈ വേട്ടയിൽ പങ്കെടുക്കുന്നു. അതിന് ശക്തിപകരാൻ ചില വ്യാപാരി സംഘടനകളുമുണ്ട്. കുറേ മുസ്ലിം കച്ചവടക്കാർ ഒഴിഞ്ഞുപോയാൽ തങ്ങൾക്ക് കൂടുതൽ വ്യാപാരം ലഭിക്കുമെന്ന സ്വാർത്ഥതയാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. ബിജെപിക്കാകട്ടെ അടുത്തമാസം നടക്കുന്ന കേദാർനാഥ് ഉപതെരഞ്ഞെടുപ്പിലെ വോട്ട് ധ്രുവീകരണമാണ് ലക്ഷ്യം. വിഷയത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉന്നതതല യോഗം വിളിച്ച് എല്ലാ ഹോട്ടലുകളും ഉടൻ പരിശോധിക്കാൻ പൊലീസിനും ആരോഗ്യ അധികൃതർക്കും കർശന നിർദേശം നൽകിയിരിക്കുകയാണ്.
ചില ഭക്ഷണശാലകളിൽ തുപ്പുന്നതായി സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചാണ് ഹോട്ടലുകളിലെ എല്ലാ ജീവനക്കാരുടെയും പരിശോധന ഉറപ്പാക്കണമെന്ന് പൊലീസ് ഡയറക്ടർ ജനറൽ (ഡിജിപി) എല്ലാ ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകിയത്. ഉടമകളോട് അടുക്കളകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കാൻ ആവശ്യപ്പെടണം, വണ്ടികളിൽ വിൽക്കുന്ന ഇത്തരം വസ്തുക്കള്‍ പരിശോധിക്കാൻ പ്രാദേശിക രഹസ്യാന്വേഷണ വിഭാഗങ്ങൾ ശക്തിപ്പെടുത്തണം, പട്രോളിങ് ശക്തമാക്കണം തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു വ്യാപകമായ വർഗീയ ധ്രുവീകരണ ശ്രമങ്ങളും വിദ്വേഷ പ്രചരണങ്ങളും ന്യൂനപക്ഷ വിഭാഗത്തെ ഭയപ്പെടുത്തി ആട്ടിപ്പായിക്കലും നടന്നത്. ഇപ്പോൾ കേദാർനാഥ് ഉപതെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് അത് ആവർത്തിക്കുന്നത്. കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേർന്ന് 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച ഷൈലാ റാണി റാവത്തിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേദാർനാഥ് ഉൾപ്പെടുന്ന ഗാർവാളിൽ 1.60 ലക്ഷത്തിലധികം വോട്ടുകൾക്കാണ് ബിജെപി ജയിച്ചത്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേദാർ നാഥിൽ ഷൈലാ റാണിയുടെ ഭൂരിപക്ഷം 9,300 മാത്രമായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിൽ അഞ്ചിടത്തും ജയിച്ചെങ്കിലും സർക്കാരിനെതിരായ വികാരങ്ങൾ, ദേശീയ തലത്തിലുണ്ടായ മോശം പ്രകടനം, കർഷകരുടെ പ്രതിഷേധം, അഗ്നിപഥ് പോലുള്ള വിഷയങ്ങൾ എന്നിവ ബാധിച്ചേക്കുമെന്ന ആശങ്ക ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് യുപിയെ പോലെ ഉത്തരാഖണ്ഡും തീവ്ര ഹിന്ദുത്വ നിലപാടുകൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.