Site iconSite icon Janayugom Online

വിരമിക്കല്‍ പ്രഖ്യാപിച്ച് കളിമണ്‍ കോര്‍ട്ടിലെ താരം റാഫേല്‍ നദാല്‍

nadalnadal

ഒന്നരപ്പതിറ്റാണ്ടോളം കളിമണ്‍ കോര്‍ട്ടില്‍ നിറഞ്ഞുനിന്ന സ്പാനിഷ് താരം റാഫേല്‍ നദാല്‍ വിരമിക്കല്‍ പ്ര­ഖ്യാപിച്ചു. നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ താരം കളമൊഴിയും.
വീഡിയോ സന്ദേശത്തിലൂടെയാണ് നദാല്‍ വിരമിക്കല്‍ പ്ര­ഖ്യാപനം നടത്തിയത്. ‘പ്രൊ­ഫഷണല്‍ ടെന്നീസില്‍ നിന്ന് ഞാന്‍ വിരമിക്കുകയാണെന്ന് നി­ങ്ങളെ അറിയിക്കുന്നു. ഇത് കുറച്ച് ബുദ്ധിമുട്ടുള്ള വര്‍ഷങ്ങളാണെന്നതാണ് യാഥാര്‍ത്ഥ്യം, കഴിഞ്ഞ രണ്ട് വര്‍ഷം പ്രത്യേകിച്ച്. പരിമിതികളില്ലാതെ കളിക്കാനാകുമെന്ന് ഞാൻ ഒരു കാലത്തും പ്രതീക്ഷിച്ചിരുന്നില്ല’ നദാല്‍ പറഞ്ഞു. 22 ഗ്രാന്‍ഡ്സ്‌ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള എക്കാലത്തേയും മികച്ച ടെന്നീസ് താരങ്ങളില്‍ ഒരാളാണ്. കളിമണ്‍ കോര്‍ട്ടിലെ രാജാവെന്നാണ് നദാലിനെ അറിയപ്പെടുന്നത്. ഓപ്പൺ കാലഘട്ടത്തിൽ മറ്റേതൊരു താരവും നേടിയതിന്റെ ഇരട്ട കിരീടങ്ങളാണ് കളിമൺ കോർട്ടിൽനിന്ന് നദാൽ നേടിയത്. ഫ്രഞ്ച് ഓപ്പണില്‍ മാത്രം 14 കിരീടങ്ങള്‍ നദാല്‍ സ്വന്തമാക്കി. 2008ലെ ബെയ്ജിങ് ഒളിമ്പിക്സിൽ സിംഗിൾസ് സ്വർണവും 2016ലെ റിയോ ഒളിമ്പിക്സിൽ ഡബിൾസ് സ്വർണവും നേടിയ നദാൽ, ഈ വർഷം നടന്ന പാരിസ് ഒളിമ്പിക്സിൽ മെഡൽപ്പട്ടികയിൽ ഇടംപിടിക്കാനാകാതെ പുറത്തായിരുന്നു. കരിയറിലാകെ 92 എടിപി കിരീടങ്ങളുമായാണ് നദാൽ കളമൊഴിയുന്നത്. 

38കാരനായ നദാല്‍ 2001ലാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. രണ്ടു തവണ വീതം ഓസ്ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും നേ­ടിയ താരം നാലു തവണ യുഎസ് ഓപ്പണ്‍ കിരീടത്തിലും മുത്തമിട്ടിട്ടുണ്ട്. നദാലും കളമൊഴിയുന്നതോടെ ലോക ടെന്നീസിലെ ഫാബ് ത്രീയില്‍ ഇനി സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ച് മാത്രമാണ് കോര്‍ട്ടില്‍ അവശേഷിക്കുന്നത്. നദാലിന്റെ മുഖ്യ എതിരാളിയും സ്വിസ് ടെന്നീസ് ഇതിഹാസവുമായ റോജര്‍ ഫെഡറര്‍ നേരത്തെ വിരമിച്ചിരുന്നു. ഇ­പ്പോ­ള്‍ നദാലും വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ രാജ്യാന്തര ടെന്നീസിലെ ഒരു സുവര്‍ണ കാലഘട്ടത്തിനാണ് തിരശീലവീഴാന്‍ ഒരുങ്ങുന്നത്.

Exit mobile version