റഫാല്‍ യുദ്ധ വിമാന ഇടപാടിലെ കോഴ സംബന്ധിച്ച ആരോപണത്തെക്കുറിച്ചുള്ള ഫ്രഞ്ച് ഏജന്‍സിയുടെ അന്വേഷണം നിലച്ചു. 2016ല്‍ നടന്ന വിവാദ ഇടപാടിലുടെ കോടികള്‍ കൈമാറിയെന്ന കേസിലാണ് മോഡി സര്‍ക്കാര്‍ നിസഹകരണം തുടരുന്നത്. അന്വേഷണത്തില്‍ ഇന്ത്യ നിസഹകരിക്കുന്നത് കാരണം അന്വേഷണം നിലച്ച മട്ടാണെന്ന് മുന്‍ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവേല്‍ ലെനനെ ഉദ്ധരിച്ച് ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. 780 കോടി ഡോളറിന്റെ ഇടപാടിലൂടെ ഫ്രാന്‍സില്‍ നിന്ന് 36 ദസ്സോ റഫാല്‍ യുദ്ധവിമാനം വാങ്ങാനുള്ള കരാറിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് വിവാദ ഇടപാട് പിറവിയെടുത്തത്. ഈ വര്‍ഷം ജൂലൈയില്‍ ഇന്ത്യന്‍ സര്‍ക്കാരിന് അയച്ച കത്തില്‍ അന്വേഷണം മുടങ്ങുന്നതിന് കാരണം ഇന്ത്യ പുലര്‍ത്തുന്ന നിസഹകരണമാണെന്ന് ലെനന്‍ പറഞ്ഞു. അഴിമതി കേസിലെ പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ കാലതാമസം വരുത്തുന്നതായും ലെനന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. റഫാല്‍ ഇടപാടിലെ അഴിമതി, സ്വജനപക്ഷപാതം എന്നീ വിഷയങ്ങള്‍ പരിശോധിക്കാന്‍ രണ്ട് ജഡ്ജിമാരെ ഫ്രാന്‍സ് നിയോഗിച്ചിരുന്നു.
എന്നാല്‍ ഇവരുടെ അന്വേഷണത്തിന് ഉതകുന്ന യാതൊന്നും നല്‍കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറായില്ല. ജി20 അഴിമതിവിരുദ്ധ ഉച്ചകോടിയില്‍ വിഷയം ചര്‍ച്ച ചെയ്യാനുള്ള ശ്രമം മോഡി സര്‍ക്കാര്‍ വിലക്കിയെന്നും ലെനന്‍ കത്തില്‍ ആരോപിക്കുന്നുണ്ട്. 2018ല്‍ ഫ്രഞ്ച് അന്വേഷണ സംഘം ഇടപാടിന്റെ രേഖകളും, വിവാദ ആയുധ ദല്ലാള്‍ സുശാന്‍ ഗുപ്തയുടെ വിവരങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും നിസഹകരണം കാരണം അന്വേഷണം മുന്നോട്ടുപോയില്ല. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത വ്യക്തിയാണ് ഗുപ്ത. റഫാല്‍ ഇടപാടിലൂടെ കോടികള്‍ ഗുപ്തയ്ക്ക് ലഭിച്ചുവെന്നാണ് മീഡിയ പാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍.
English Summary: Rafale scam
You may also like this video