Site iconSite icon Janayugom Online

കോഴിക്കോട് മെഡിക്കല്‍ കോളജിലെ റാഗിങ്; രണ്ട് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു

കോഴിക്കോട് മെഡിക്കൽ കോളജിൽ പിജി ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ രണ്ട് സീനിയർ പിജി ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. അവസാനവർഷ പിജി വിദ്യാർത്ഥികളായ ഡോ. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ആറുമാസത്തേക്കാണ് സസ്പെന്‍ഷന്‍. ഈ കാലയളവില്‍ ക്ലാസുകളിൽ പങ്കെടുക്കുന്നതിനും ഹോസ്റ്റലിൽ താമസിക്കുന്നതിനും വിലക്കുണ്ട്. ഹോസ്റ്റലിൽ നിന്ന് ഒഴിയാനും ഇവര്‍ക്ക് കോളജ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഫെബ്രുവരി നാലാം തീയതിയാണ് കൊല്ലം സ്വദേശിയായ ജിതിൻ ജോയ് കോഴിക്കോട് മെഡിക്കൽ കോളജിൽ പിജി ഓർത്തോ വിഭാഗത്തിൽ അഡ്മിഷൻ തേടിയത്. അഞ്ചാം തീയതി മുതൽ പത്താം തീയതി വരെ കൂടുതൽ സമയം ഡ്യൂട്ടിയെടുപ്പിച്ച് റാഗിങ് നടത്തിയെന്നാണ് ജിതിൻ നൽകിയ പരാതി. രാത്രി ഉറങ്ങാൻ അനുവദിക്കാതെ വാർഡുകളിൽ അധിക ഡ്യൂട്ടി എടുപ്പിച്ചു. മനപൂർവം ഡ്യൂട്ടികളിൽ വൈകിയെത്തി ജോലി ഭാരമുണ്ടാക്കിയെന്നും ജിതിൻ നൽകിയ പരാതിയിലുണ്ട്. വകുപ്പ് മേധാവിയോട് പല തവണ ഇക്കാര്യം പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നും ജിതിൻ വ്യക്തമാക്കുന്നു. തുടർന്ന് മെഡിക്കൽ കോളജിലെ റാഗിങ് വിരുദ്ധ സമിതിക്ക് പരാതി നൽകുകയായിരുന്നു. കോളജ് ഡോ. ബീന ഗുഹൻ ഉൾപ്പെട്ട അന്വേഷണ കമ്മിഷനെ വയ്ക്കുകയും പ്രാഥമിക നടപടിയെന്ന നിലയിൽ രണ്ട് ദിവസം ഡോ. സാജിദ്, ഡോ. ഹരിഹരൻ എന്നീ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുകയും ചെയ്തു. ഇതേത്തുടർന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പലാണ് രണ്ടുപേരെയും സസ്പെൻഡ് ചെയ്തത്. ഇതിനിടയിൽ സെക്കൻഡ് അലോട്ട്മെന്റ് കിട്ടിയതിനെ തുടർന്ന് ജിതിൻ ജോയ് കോഴിക്കോട് മെഡിക്കൽ കോളജിലെ പഠനം മതിയാക്കി തിരുവനന്തപുരത്തെ കോസ്മോ കോളജിൽ പ്രവേശനം തേടുകയും ചെയ്തിരുന്നു. ഈ കോളജിൽ പഠനം തുടങ്ങിയ ശേഷമാണ് ജിതിൻ ജോയ് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പരാതിയില്ലെന്നും കേസെടുക്കേണ്ടെന്നും ഡിപ്പാർട്ട്മെന്റ് തല നടപടിയാണ് വേണ്ടതെന്നും വിദ്യാർത്ഥി പൊലീസിൽ എഴുതി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കോടതി അനുമതിയോടെ കേസെടുക്കാനാണ് പൊലീസ് നീക്കം.

Eng­lish sum­ma­ry; Rag­ging at Kozhikode Med­ical Col­lege; Two stu­dents were suspended

You may also like this video;

Exit mobile version