Site icon Janayugom Online

റാഗിങ്: വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച ആശുപത്രി സേവനം

ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത എൻജിനീയറിങ് വിദ്യാർത്ഥികൾ സർക്കാർ ആശുപത്രിയിൽ രണ്ടാഴ്ച സൗജന്യ സേവന പ്രവർത്തനത്തിൽ പങ്കാളിയാകണമെന്ന് ഹൈക്കോടതി. റാഗിങ് നിരോധന നിയമം അടക്കമുള്ള വകുപ്പുകൾ പ്രകാരം കൊല്ലം കിളികൊല്ലൂർ പൊലീസാണ് 2021 നവംബറിൽ അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 

കൊല്ലം ടികെഎം എൻജിനീയറിങ് കോളജ് വിദ്യാർഥികളായ എം എസ് ഹരികൃഷ്ണൻ, എം സഹൽ മുഹമ്മദ്, അഭിഷേക് അനന്തരാമൻ, നഭൻ അനീസ്, അശ്വിൻ മനോഹർ എന്നിവരോടാണ് കൊല്ലം ജനറൽ ആശുപത്രിയിൽ രണ്ടാഴ്ച സേവന പ്രവർത്തനങ്ങളിൽ പങ്കളിയാകാൻ ജസ്റ്റിസ് കെ ഹരിപാൽ ഉത്തരവിട്ടത്. 

ദിവസവും എട്ട് മണിക്കൂറെങ്കിലും സേവന പ്രവർത്തനങ്ങളിൽ പങ്കാളിയാകണം. ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെട്ട് ഇവർക്ക് ഉചിതമായ സേവനങ്ങൾ നിർദേശിക്കണം. റാഗിങ്ങിനിരയായ വിദ്യാർത്ഥികളുമായി ഒത്തുതീർപ്പായ സാഹചര്യത്തിൽ കേസ് റദ്ദാക്കാൻ അനുമതി തേടി പ്രതികൾ നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി രണ്ടാഴ്ച സേവന പ്രവർത്തനങ്ങളിൽ പങ്കാളിയാകണമെന്ന് നിർദേശിച്ചത്. സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ മുന്നോട്ടുവെച്ച നിർദേശം കോടതി അംഗീകരിക്കുകയായിരുന്നു. 

Eng­lish Summary:Ragging: Two weeks hos­pi­tal ser­vice for students
You may also like this video

Exit mobile version