ഗവ. നഴ്സിങ് കോളജിലെ റാഗിങ്ങിനെതിരെ എഐഎസ്എഫ്-എഐവൈഎഫ് നേതൃത്വത്തിൽ കോളജിലേക്ക് മാർച്ച് നടത്തി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു. ഒന്നാം വർഷ വിദ്യാർത്ഥികളെ അതിക്രൂരമായ റാഗിങ്ങിന് വിധേയമാക്കിയ കൊടും ക്രിമിനലുകളായ വിദ്യാർത്ഥികളെ കോളജിൽ നിന്ന് പുറത്താക്കുകയും സംഭവത്തിന് ഒത്താശ ചെയ്ത കോളജ് അധികൃതരെ പ്രതി ചേർത്ത് കേസെടുക്കുകയും വേണമെന്ന് ജിസ്‌മോൻ ആവശ്യപ്പെട്ടു. റാഗിങ്ങ് തടയുക എന്ന ലക്ഷ്യം മുൻനിർത്തി 1998ൽ പാസാക്കിയ നിയമം കർശനമായി നടപ്പാക്കാത്തതാണ് ഇത്തരം മനോവൈകൃതങ്ങൾ വർധിക്കാൻ ഇടയാക്കിയതെന്നും ജിസ്‌മോൻ കുറ്റപ്പെടുത്തി.
ചില വിദ്യാർത്ഥി സംഘടനകൾ അക്രമരാഷ്ട്രീയത്തിലൂടെ ആധിപത്യം സ്ഥാപിക്കുകയും അപ്രമാദിത്തം പുലർത്തുകയും ചെയ്യുന്ന കാമ്പസുകളിൽ അത്തരം സംഘടനകളുടെ ലേബലിൽ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ അരങ്ങേറുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കെ രഞ്ജിത് കുമാർ അധ്യക്ഷത വഹിച്ചു. ഷമ്മാസ് ലത്തീഫ്, നന്ദു ജോസഫ്, അഖിൽ കെ യു, ബിനു ബോസ്, കെ കെ രാജേഷ്, അജിത്ത് വാഴൂർ, ഷാജോ കുടമാളൂർ, ശ്രീലക്ഷ്മി അജി തുടങ്ങിയവർ സംസാരിച്ചു. ജിജോ ജോസഫ് സ്വാഗതം പറഞ്ഞു.