Site iconSite icon Janayugom Online

മെഡിക്കല്‍ കോളജില്‍ റാഗിംങ്; 8 അംഗ സംഘത്തിന്റെ അക്രമത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

മെഡിക്കല്‍ കോളജില്‍ നടന്ന റാഗിംങ്കിൽ 8 അംഗ സംഘത്തിന്റെ അക്രമത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കർണാടകയിലെ വിജയപുരയിലുള്ള ഒരു മെഡിക്കൽ കോളേജിൽ ആയിരുന്നു സംഭവം.അൽ-അമീൻ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ ഹമീം ആണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് സ്വദേശിയാണ് ഹമീം. ചൊവ്വാഴ്ച വൈകുന്നേരം ഒരു ക്രിക്കറ്റ് മത്സരത്തിനിടെ സീനിയർ വിദ്യാർത്ഥികൾ തന്നെ ക്രൂരമായ റാഗിംങ്കിനും ഭീഷണിക്കും വിധേയനാക്കിയതായി വിദ്യാർത്ഥി ആരോപിച്ചു. 

ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ കോളേജ് പരിസരത്ത് 2019, 2022 ബാച്ചുകൾ തമ്മിലുള്ള ക്രിക്കറ്റ് മത്സരം കണ്ടുകൊണ്ടിരുന്നപ്പോൾ, സീനിയർ വിദ്യാർത്ഥികള്‍ ഹമീമിനോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹമീം ഇത് വിസമ്മതിച്ചതോടെയാണ് അക്രമം തുടങ്ങിയത്. ഒരു കൂട്ടം സീനിയേഴ്‌സ് യുവാവിനോട് പാട്ടുകൾ പാടാനും നൃത്തം ചെയ്യാനും ആവശ്യപ്പെട്ടു. പിന്നീട് ഇവർ ഹമീമിനെ നിർബന്ധിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവം റെക്കോർഡുചെയ്യാൻ ശ്രമിച്ചപ്പോള്‍ അവർ കൂടുതൽ അക്രമാസക്തരായി. അന്നു രാത്രി, 8 ഓളം പേരടങ്ങുന്ന ഒരു സംഘം ഹമീമിന്റെ ഹോസ്റ്റൽ മുറിയിലേക്ക് ഇരച്ചുകയറി ആക്രമിക്കുകയായിരുന്നു. നിര്‍ബന്ധിച്ച് ക്ഷമാപണം നടത്തുന്ന വീഡിയോ പകര്‍ത്തിയതായും ആരോപണമുണ്ട്.

Exit mobile version