Site iconSite icon Janayugom Online

ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി. രാജ്യത്തെ ഒരോമക്കള്‍ക്കും ആത്മാഭിമാനമാണ് വലുത്. മെഡലും ബഹുമതിയും അതിന് ശേഷമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.ധീരപുത്രിമാരുടെ കണ്ണീരിനേക്കാള്‍ വലുതാണോ രാഷ്ട്രീയ നേട്ടങ്ങള്‍. പ്രധാനമന്ത്രി രാജ്യത്തിന്റെ കാവല്‍ക്കാരനാണ്. ഇത്തരം ക്രൂരത കാണുന്നതില്‍ വേദനയുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഗുസ്തി ഫെഡറേഷനും മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനുമെതിരെ താരങ്ങള്‍ നിലപാട് കടുപ്പിച്ചതോടെ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബ്രിജ് ഭൂഷണെയും സംഘത്തേയും സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നാണ് ഗുസ്തി താരങ്ങള്‍ പറയുന്നത്. ഗുസ്തി ഫെഡറേഷനെതിരായ സസ്‌പെന്‍ഷന്‍ കണ്ണില്‍ പൊടിയിടലാണെന്നും താരങ്ങള്‍ വിലയിരുത്തുന്നു.സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ചര്‍ച്ച നടത്താത്തതിലും താരങ്ങള്‍ക്ക് അമര്‍ഷമുണ്ട്. കൂടുതല്‍ താരങ്ങള്‍ കടുത്ത നിലപാടുമായി രംഗത്ത് വരും എന്നാണ് വിവരം. വിനേഷ് ഫോഗട്ട് ഇന്നലെ ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ കര്‍ത്തവ്യപഥില്‍ വച്ച് മടങ്ങിയിരുന്നു. 

അവാര്‍ഡ് തിരിച്ചു നല്‍കുന്നതായി അറിയിച്ച് താരം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വിനേഷ് ഫോഗട്ട് പ്രതികരിച്ചു.ഇന്ത്യയ്ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടി നല്‍കിയ താരമാണ് ഫോഗട്ട്. ഡിസംബര്‍ 21നാണ് മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിന്റെ വിശ്വസ്തനായ സഞ്ജയ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെയാണ് ഗുസ്തി താരങ്ങള്‍ പ്രതിഷേധം ശക്തമാക്കിയത്.

പുതിയ ഫെഡറേഷന്‍ തിരഞ്ഞെടുത്ത് നിമിഷങ്ങള്‍ക്കകം തന്നെ സാക്ഷി മാലിക് ഗുസ്തി കരിയര്‍ അവസാനിക്കുന്നെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഗുസ്തി താരങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. തുടര്‍ന്ന് ബജ്റംഗ് പൂനിയയും വിജേന്ദര്‍ സിംഗും പത്മശ്രീ തിരികെ നല്‍കിയും പ്രതിഷേധം രേഖപ്പെടുത്തിരുന്നു.

Eng­lish Summary:
Rahul Gand­hi crit­i­cized the Prime Min­is­ter in the protest of wrestling players

You may also like this video:

Exit mobile version