Site iconSite icon Janayugom Online

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വിമര്‍ശനം കടുപ്പിച്ച് രാഹുല്‍ ഗാന്ധി; എഴുപതു സീറ്റുകളില്‍ മോഡി വോട്ട് മോഷ്ടിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് 60 മുതല്‍ 70 വരെയുള്ള സീറ്റുകളില്‍ മോഡി വോട്ട് ചോരി നടത്തിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സീതാമര്‍ഹി ജില്ലയിലെത്തിയ വോട്ട് അധികാര്‍ യാത്രക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.70ഓളം സീറ്റുകളില്‍ ബിജെപി വോട്ട് ചോരി നടത്തിയെന്ന് തനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നരേന്ദ്ര മോഡിയേയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും രാഹുല്‍ ഗാന്ധി വോട്ടുകള്ളന്മാരെന്നും വിശേഷിപ്പിച്ചു.ഈ വോട്ടുകള്ളന്മാരെ വരുന്ന ആറ് മാസത്തിനുള്ളില്‍ താന്‍ തുറന്നുകാട്ടുമെന്നും രാഹുല്‍ പറഞ്ഞു. ബിജെപി ആദ്യം നിങ്ങളുടെ വോട്ടുകളായിരിക്കും മോഷ്ടിക്കുക. പിന്നീട് നിങ്ങളുടെ മറ്റ് അവകാശങ്ങളും മോഷ്ടിക്കുമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.2012ല്‍ ഗുജറാത്തില്‍ തുടങ്ങിയ ഈ വോട്ട് മോഷണ തന്ത്രം അവര്‍ 2014ല്‍ ദേശീയ തലത്തിലേക്ക് കൊണ്ടുവന്നു. ബിജെപി സര്‍ക്കാര്‍ 40–50 വര്‍ഷം ഭരിക്കുമെന്ന് എങ്ങനെ ഒരാള്‍ക്ക് പറയാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു. ജനങ്ങളുടെ മനസില്‍ എന്താണെന്ന് അവര്‍ക്കല്ലേ അറിയൂ. അതൊരു വിചിത്രമായ പ്രസ്താവനയായിരുന്നു. ഇപ്പോള്‍ സത്യം രാജ്യം മുഴുവന്‍ പുറത്തുവന്നു.

അവര്‍ക്ക് ഇത് പറയാന്‍ കഴിയുന്നത് അവര്‍ വോട്ടുകള്‍ മോഷ്ടിക്കുന്നതുകൊണ്ടാണ്,മുസാഫര്‍പൂരിലെ റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തെരെഞ്ഞെടുപ്പുകളിലും ലോക്സഭാ തെരെഞ്ഞെടുപ്പുകളിലും ബിജെപിക്ക് അനുകൂലമായി വോട്ടുകള്‍ മോഷ്ടിക്കപ്പെട്ടത് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെയാണെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.മധുബാനിയില്‍ നടന്ന റാലിയില്‍, ആദ്യം വോട്ട്, പിന്നെ റേഷന്‍ കാര്‍ഡ്, പിന്നെ ഭൂമി എന്നിങ്ങനെ ഘട്ടം ഘട്ടമായി പൗരന്മാരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്നും പ്രതിപക്ഷം ഇത് തുടരാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.അതേസമയം 16 ദിവസത്തെ വോട്ടര്‍ അധികാര്‍ യാത്ര സെപ്റ്റംബര്‍ ഒന്നിന് പാട്‌നയിലെ ഗാന്ധി മൈതാനത്ത് നടക്കുന്ന മഹാറാലിയോടെ സമാപിക്കും.

Exit mobile version