Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് ക്രമക്കേട് തെളിവുകള്‍ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

ഭരണം പിടിച്ചടക്കാനും നിലനിര്‍ത്താനും ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ മറയാക്കിയെന്ന ഗുരുതര ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെട്ട കണക്കുകളും തെളിവുകളും നിരത്തി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബിജെപി തെരഞ്ഞെടുപ്പില്‍ നടത്തുന്ന ഇടപെടലുകളും അതിന്റെ രീതികളും വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ വിശദീകരിച്ചു. 2024 ല്‍ കര്‍ണാടകയിലെ ബംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി വിജയത്തിനുപിന്നിലെ കണക്കുകള്‍ വിശദീകരിച്ചായിരുന്നു വീഡിയോ അവതരണം. മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ കണക്കുകളിലൂടെയാണ് കള്ളക്കളികള്‍ അദ്ദേഹം വിശദീകരിച്ചത്. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ വിലയിരുത്തല്‍ പ്രകാരം കര്‍ണാടകയിലെ 16 മണ്ഡലങ്ങളില്‍ വിജയം സുനിശ്ചിതമായിരുന്നു. എന്നാല്‍ ഒമ്പത് സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. അപ്രതീക്ഷിതമായി ഏഴ് മണ്ഡലങ്ങളില്‍ പരാജയപ്പെട്ടതോടെയാണ് വിശദമായ പരിശോധന നടത്താന്‍ തീരുമാനിച്ചത്. ആറ് മാസത്തിലധികം നീണ്ടുനിന്ന അക്ഷീണ പരിശ്രമത്തിനൊടുവിലാണ് വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. വോട്ടര്‍ പട്ടികയും ബന്ധപ്പെട്ട പോളിങ് ബൂത്തുകളിലെ സിസിടിവി ഫുട്ടേജും തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടെങ്കിലും ലഭ്യമാക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് കമ്മിഷന്റെ പക്കലുള്ള വിവരങ്ങള്‍ നേരിട്ട് പരിശോധിക്കേണ്ടി വന്നു. ഡിജിറ്റലായി ഈ വിവരങ്ങള്‍ നല്‍കാന്‍ കമ്മിഷന്‍ തയ്യാറായില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കമ്മിഷന്റെ ഒത്താശയുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. അല്ലെങ്കില്‍ വോട്ടര്‍ പട്ടികയിലെ ഫോട്ടോകളും രേഖകളും ഒത്തുനോക്കാന്‍ ഏതാനും സെക്കന്റുകളുടെ മാത്രം സമയം മതിയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ബംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ സീറ്റില്‍ ബിജെപി നേടിയ ആകെ വോട്ടുകള്‍ 6,58,915, ഇതില്‍ വിജയം ഉറപ്പാക്കിയ വോട്ടുകള്‍ 32,707. കോണ്‍ഗ്രസിന് മഹാദേവ അസംബ്ലി മണ്ഡലത്തില്‍ 1,15,568 വോട്ടുകള്‍ നേടാനായി. ബിജെപിക്ക് 2,29,632 വോട്ടുകളും. മഹാദേവപുര മണ്ഡലം ഒഴികെ മറ്റെല്ലാ അസംബ്ലി മണ്ഡലങ്ങളിലും കോണ്‍ഗ്രസിനായിരുന്നു മേല്‍ക്കെെ. മഹാദേവപുരയില്‍ 11,965 ഇരട്ട വോട്ടര്‍മാരുണ്ടായിരുന്നു. വ്യാജ വിലാസത്തിനൊപ്പം നിലവിലില്ലാത്ത വിലാസത്തില്‍ പട്ടികയില്‍ ഇടം നേടിയത് 40,009 പേര്‍. ഒറ്റവിലാസത്തില്‍ ഒറ്റമുറിയില്‍ 80 പേര്‍ താമസിക്കുന്നതായി കാട്ടിയുള്ള 10,452 വോട്ടര്‍മാര്‍. ഫോട്ടോ കൃത്യമായി ലഭ്യമല്ലാത്ത 4,132 പേര്‍. പ്രായപൂര്‍ത്തിയായതോടെ പുതുതായി വോട്ടര്‍ പട്ടികയില്‍ ഇടം നേടാനുള്ള ഫോം നമ്പര്‍ ദുരുപയോഗം ചെയ്തവരുടെ സംഖ്യ 33,692. പലരുടെയും വീട്ടു നമ്പര്‍ പൂജ്യം. പിതാവിന്റെ പേര് അക്ഷരങ്ങളുടെ കൂട്ടമാണെന്നും രാഹുല്‍ പറഞ്ഞു.
രാഹുലിന്റെ ആക്ഷേപങ്ങള്‍ക്കെതിരെ ബിജെപിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും രംഗത്തെത്തി. വസ്തുതകള്‍ക്ക് വിരുദ്ധമാണ് ഇത്തരം ആരോപണങ്ങളെന്ന് ബിജെപി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിമര്‍ശിച്ചെങ്കിലും അദ്ദേഹം പുറത്തുവിട്ട രേഖകന്‍ തള്ളാന്‍ തയ്യാറായില്ലെന്നതും ശ്രദ്ധേയം. 

Exit mobile version