Site iconSite icon Janayugom Online

രാഹുല്‍ഗാന്ധിക്ക് സാധാരണ പാസ്പോര്‍ട്ട് ലഭിക്കും; മൂന്നു വര്‍ഷത്തേക്ക് എന്‍ഒസി അനുവദിച്ച് കോടതി

പുതിയ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി കോടതി അംഗീകരിച്ചു.പാസ്പോര്‍ട്ട് അനുവദിക്കാന്‍ എതിര്‍പ്പില്ലാരേഖ (എന്‍ഒസി ) നല്‍കണമെന്ന ആവശ്യമാണ് കോടതി അംഗീകരിച്ചത്.

മൂന്ന് വര്‍ഷത്തേക്കാണ് അഡീഷണല്‍ ചീഫ് മെട്രോ പൊളീറ്റന്‍ മജിസ്ട്രേറ്റ് വൈഭവ് മേത്ത എന്‍ഒസി അനുവദിച്ചത്.എംപി സ്ഥാനത്തുനിന്ന് അയോഗ്യനായതോടെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിച്ച സാഹചര്യത്തിലാണ് രാഹുല്‍ സാധാരണ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. 

പത്തു വര്‍ഷത്തേക്കായിരുന്നു എന്‍ഒസിക്ക് അനുമതി തേടിയത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മൂന്ന് വര്‍ഷം കഴിയുമ്പോള്‍ എന്‍ഒസിക്കായി രാഹുല്‍ വീണ്ടും കോടതിയെ സമീപിക്കേണ്ടിവരും.നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രതിയായതിനാലാണ് രാഹുല്‍ എന്‍ഒസി തേടിയത്.

കഴിഞ്ഞ ദിവസം കോടതി വിഷയം പരിഗണിച്ചപ്പോള്‍ രാഹുലിന്റെ അപേക്ഷയെ കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി എതിര്‍ത്തിരുന്നു.

രാഹുലിനെ വിദേശത്തുപോകാന്‍ അനുവദിച്ചാല്‍ കേസിലെ അന്വേഷണത്തിന് തടസ്സമാകുമെന്നാണ് സ്വാമി ചൂണ്ടിക്കാട്ടിയത്. 2015 ഡിസംബര്‍ 19‑നാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിക്ക് കോടതി ജാമ്യമനുവദിച്ചത്. വിദേശത്തുപോകരുതെന്ന് ജാമ്യവ്യവസ്ഥയിലില്ല.

Eng­lish Sumamry:
Rahul Gand­hi to get nor­mal pass­port; Court grant­ed NOC for three years

You may also like this video:

Exit mobile version