കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞു. ശനിയാഴ്ച വൈകുന്നേരം 3 മണിയോടെ വസതിയുടെ താക്കോല്‍ കൈമാറി. സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയോടൊപ്പമെത്തിയാണ് രാഹുല്‍ നടപടിക്രമകങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ഈ വീട് ഇന്ത്യയിലെ ജനങ്ങള്‍ തന്നതാണ് അത് തിരിച്ചെടുത്തുവെന്നായിരുന്നു വീടൊഴിഞ്ഞ ശേഷം രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. സത്യം പറയുന്നത് ഈ കാലത്ത് തെറ്റാണ്. സത്യം പറഞ്ഞതിന് എന്ത് വിലയും നല്‍കാന്‍ തയ്യാറാണ്. ഔദ്യോഗിക വസതി തനിക്ക് നല്‍കിയത് രാജ്യത്തെ ജനങ്ങളാണെന്നും 19 വര്‍ഷത്തോളം താന്‍ അവിടെ താമസിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തനിക്ക് ഇനി ഇവിടെ താമസിക്കാന്‍ താല്‍പ്പര്യമില്ല. 19 വര്‍ഷമായി താമസിച്ചിരുന്ന സ്ഥലം തന്നില്‍ നിന്ന് തിരിച്ചെടുത്തതില്‍ ഒരു പ്രശ്‌നവുമില്ലെന്ന് താക്കോല്‍ ഔദ്യോഗികമായി കൈമാറിക്കൊണ്ട് രാഹുല്‍ പറഞ്ഞു.
അമ്മ സോണിയ ഗാന്ധിയുടെ വസതിയായ 10 ജന്‍പഥിലേക്കാണ് രാഹുല്‍ താമസം മാറുക എന്നാണ് വിവരം. ശനിയാഴ്ച 12 തുഗ്ലക് ലെയിനില്‍ ട്രക്കുകളെത്തി സാധനങ്ങള്‍ എല്ലാം മാറ്റി. 2004ല്‍ ആദ്യമായി എംപി ആയ രാഹുല്‍ഗാന്ധി 2005 മുതല്‍ ഈ വസതിയിലാണ് താമസിക്കുന്നത്.
ഗുജറാത്ത് അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുലിനോട് വസതി ഒഴിയാന്‍ ലോക്‌സഭാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടിരുന്നു.
English Summary: Rahul Gandhi vacates official bungalow a month after Lok Sabha disqualification
You may also like this video