Site iconSite icon Janayugom Online

രാഹുല്‍ഗാന്ധിയുടെ പരിപാടി: ലീഗ് കൊടിക്ക് വിലക്ക്

രാഹുല്‍ഗാന്ധിയുടെ കണ്ണൂരിലെ പരിപാടികളും ലീഗിന്റെ കൊടികള്‍ക്ക് വിലക്ക്. ഇന്ന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പൊതുസമ്മേളനത്തിലാണ് മുസ്ലിംലീഗിന്റെ പച്ചക്കൊടി വീശിയുയര്‍ത്തിയ ലീഗ് പ്രവര്‍ത്തകന് അപമാനം നേരിടേണ്ടി വന്നത്. ബിജെപിയെയും ആര്‍എസ്എസിനെയും ഭയന്ന് രാഹുല്‍ഗാന്ധിയുടെ പരിപാടികളില്‍ പാര്‍ട്ടി കൊടികള്‍ ഒഴിവാക്കാന്‍ യുഡിഎഫ് തീരുമാനിച്ചിരുന്നു. കൊടികളുയര്‍ത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ പതാകയോട് സാമ്യമുള്ള ത്രിവര്‍ണ നിറത്തിലുള്ള തൊപ്പികള്‍ ധരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയത്.

എന്നാല്‍ രാഹുല്‍ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ തുടങ്ങവെ ഗാലറിയിലിരുന്ന ലീഗ് പ്രവര്‍ത്തകന്‍ പച്ച കൊടി വീശുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉടന്‍ ഇടപെടുകയും ഇദ്ദേഹത്തോട് ആദ്യം കൊടി മടക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ഗാലറിയില്‍ നിന്ന് ഇറക്കിവിടുകയുമായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗവും ഇന്ത്യാ സഖ്യത്തിന്റെ ഔദ്യോഗിക നിലപാടില്‍ നിന്നും വ്യതിചലിച്ചുള്ളതായിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ഒരക്ഷരം പോലും സംസാരിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല. മാത്രമല്ല മോഡി സര്‍ക്കാര്‍ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്ന കോണ്‍ഗ്രസ് നിലപാടില്‍ നിന്നും വിഭിന്നമായിട്ടായിരുന്നു ഇന്നലെ രാഹുല്‍ഗാന്ധി കണ്ണൂരില്‍ പ്രസംഗിച്ചത്. കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ട് ഇഡിയും സിബിഐയും അറസ്റ്റ് ചെയ്യുന്നില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം. 

Eng­lish Sum­ma­ry: Rahul Gand­hi’s pro­gram: Ban the League flag
You may also like this video

Exit mobile version