Site iconSite icon Janayugom Online

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കനത്ത താക്കീതുമായി രാഹുല്‍

മാധ്യമങ്ങള്‍ പറഞ്ഞതുകൊണ്ട് കേരളത്തില്‍ ആരും മുഖ്യമന്ത്രിയാകില്ലന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായി രാഹുല്‍ ഗാന്ധി പറഞ്ഞു. മാധ്യമങ്ങളല്ല ആരെയും നേതാവും, മുഖ്യമന്ത്രി ആക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ഇന്ദിരാഭവനില്‍ ചേര്‍ന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് രാഹുല്‍ ഈ പരാമര്‍ശം നടത്തിയത്.ശശി തരൂരുമായി ബന്ധപ്പെട്ട് നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ നടത്തിയ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണമെങ്കിലും എല്ലാവര്‍ക്കും ബാധകമെന്ന നിലയിയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന നടത്തുന്നത് നേരിട്ട് നിരീക്ഷിക്കുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പ് വരെ ഒറ്റക്കെട്ടായി നീങ്ങാനും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാനും ഐകകണ്ഠേന തീരുമാനിച്ചാണ് യോഗം കേരള നേതാക്കളുടെ യോഗം പിരിഞ്ഞത്. കഴിഞ്ഞ കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാനാഗ്രഹിക്കുന്നില്ലെന്ന് യോഗത്തില്‍ രാഹുല്‍ പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയുടെ മുതല്‍ക്കൂട്ടാണ്. ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങളിലേക്കാളും മികച്ച നേതൃത്വമാണ് സംസ്ഥാനത്തുള്ളത്. അതിനാല്‍ എല്ലാവരും ഒറ്റക്കെട്ടായി പാര്‍ട്ടിയെ നയിക്കണം. കേരളവുമായി തനിക്കും കുടുംബത്തിനും വൈകാരികമായ ബന്ധമാണുള്ളത്. താന്‍ അഞ്ചു വര്‍ഷം അവിടെയുണ്ടായിരുന്നു. ജനങ്ങളുമായി നല്ല ബന്ധമാണുള്ളത്. അവിടത്തെ ജനങ്ങളുടെ വികാരത്തിനെതിരേ നേതാക്കള്‍ നില്‍ക്കരുത്. ആരെങ്കിലും വ്യക്തിപരമായി അതിര് ലംഘിക്കുന്നത് ജനവിരുദ്ധമാണ്. ആരുടെയെങ്കിലും വ്യക്തിപരമായ വീക്ഷണം അതിനാല്‍ മാധ്യമങ്ങളെ അറിയിക്കരുതെന്ന് രാഹുല്‍ പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നേതാക്കള്‍ ഒറ്റക്കെട്ടോടെ പ്രവര്‍ത്തിക്കണമെന്ന് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആവശ്യപ്പെട്ടു.

പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ അച്ചടക്കം ലംഘിക്കുന്നവര്‍ എത്ര ഉന്നതരായാലും കൃത്യമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധി, വിഡി സതീശന്‍, കെസുധാകരന്‍, രമേശ് ചെന്നിത്തല, വിഎം സുധീരന്‍, പിജെ കുര്യന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എംഎം ഹസ്സന്‍, റോജി എം ജോണ്‍, ടിഎന്‍. പ്രതാപന്‍, പിസി. വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, പികെ. ജയലക്ഷ്മി, എംപി.മാരായ കൊടിക്കുന്നില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍, അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, വികെശ്രീകണ്ഠന്‍, എംകെ. രാഘവന്‍, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ്, ജെബി മേത്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എന്നാല്‍ മുന്‍ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും പങ്കെടുത്തില്ല്. മുല്ലപ്പള്ളി രാമചന്ദ്രന്‍ സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആയ നാളുമുതല്‍ പ്രതിഷേധത്തിലാണ്. 

Exit mobile version