Site iconSite icon Janayugom Online

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യാപേക്ഷ; വിധി പറയുന്നത് മാറ്റി

ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മാറ്റിവച്ചു. ഒന്നര മണിക്കൂർ നീണ്ടുനിന്ന വാദമാണ് കോടതിയിൽ പൂർത്തിയായത്. സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെട്ടതിനാൽ, എം എൽ എയുടെ അപേക്ഷയെ തുടർന്ന് അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്. 

കേസിൽ, നടന്നത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെന്നും രാഹുലിനെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുവെന്നും പരാതിക്കാരി ചാറ്റുകളും കോളുകളും റെക്കോർഡ് ചെയ്ത് സൂക്ഷിച്ചുവെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, എം എൽ എക്കെതിരെ ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും, അതിജീവിത ഗർഭിണിയായിരിക്കെ പോലും ബലാത്സംഗം തുടരുകയും നിർബന്ധിതമായി അശാസ്ത്രീയ ഗർഭഛിദ്രം നടത്തുകയും ചെയ്തതിന് തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. അതിജീവിതയെ രാഹുൽ ക്രൂരമായി ഉപദ്രവിക്കുകയും കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുകയും ചെയ്തതായും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

Exit mobile version