നീണ്ട കാലത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസിന് പുതിയ ഭാരവാഹികളായി. എ ഗ്രൂപ്പിലെ രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പ്രധാന എതിരാളിയായ ഐ ഗ്രൂപ്പിലെ അബിന്‍ വര്‍ക്കിയെക്കാള്‍ അരലക്ഷത്തിലധികം വോട്ടുകള്‍ അധികം നേടിയാണ് രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും പിന്തുണ രാഹുലിന് ലഭിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ 2,21,986 വോട്ടുകൾ നേടിയപ്പോള്‍ അബിൻ വർക്കിക്ക് 1,68,588 വോട്ടുകളാണ് ലഭിച്ചത്. അബിന്‍ വര്‍ക്കിയും അരിത ബാബുവുമുള്‍പ്പെടെയുള്ള പത്ത് പേര്‍ വൈസ് പ്രസിഡന്റുമാരാകും. കണ്ണൂരില്‍ സ്വന്തം സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയും ചെയ്തതോടെ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അനുകൂലിക്കുന്ന വിഭാഗത്തിന് വലിയ തിരിച്ചടിയായി.
രണ്ട് മാസത്തിലധികം കഴിഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. സംസ്ഥാനതലത്തില്‍ എ ഗ്രൂപ്പ് മേധാവിത്വം നേടിയപ്പോൾ നാല് ജില്ലകളിൽ എ ഗ്രൂപ്പിനെ പിളര്‍ത്തി കെ സി വേണുഗോപാൽ പക്ഷം വിജയം നേടി. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലാണ് എ ഗ്രൂപ്പ് നേതാക്കൾ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടത്. കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളിലാണ് ഐ ഗ്രൂപ്പ് ജില്ലാ പ്രസിഡന്റുമാരെ വിജയിപ്പിച്ചത്. വിവിധ ജില്ലകളിലെ വൈസ് പ്രസിഡന്റുമാരായും കെ സി വേണുഗോപാലിന്റെ അനുകൂലികള്‍ തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളത്തെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്. വ്യാജ ബിരുദസർട്ടിഫിക്കറ്റ് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലത്ത് നിന്നുള്ള രണ്ട് ഫലങ്ങളും തടഞ്ഞുവച്ചിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിന് ആദ്യഘട്ടത്തിൽ എ ഗ്രൂപ്പ് നേതൃത്വത്തിന്റെ പിന്തുണയുണ്ടായിരുന്നില്ല. വി ഡി സതീശനോട് അടുപ്പം പുലർത്തുന്ന യുവജനനേതാവാണ് എന്നതായിരുന്നു അതൃപ്തിക്ക് കാരണം. നാമനിര്‍ദേശം നല്‍കുന്നതിന്റെ അവസാന നിമിഷമാണ്, കടുത്ത അനിശ്ചിതത്വത്തിനൊടുവില്‍ രാഹുൽ മാങ്കൂട്ടത്തിനെ എ ഗ്രൂപ്പ് സ്ഥാനാർത്ഥിയാക്കിയത്. കെ എം അഭിജിത്തിന്റെ പേരായിരുന്നു എ ഗ്രൂപ്പിന് താല്പര്യം. എന്നാൽ, അവസാന നിമിഷം മാങ്കൂട്ടത്തിന് നറുക്ക് വീഴുകയായിരുന്നു.
7,29,626 വോട്ടുകളാണ് യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ പോൾ ചെയ്തത്. 2,16,462 വോട്ടുകൾ അസാധുവായി. മേയ് 26ന് നടന്ന സംസ്ഥാന സമ്മേളനത്തോടെയാണ് യൂത്ത് കോൺഗ്രസിൽ സംഘടന തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്.
ജൂണിൽ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച് ജൂലൈയിൽ പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. അടൂര്‍ സ്വദേശിയായ രാഹുല്‍ നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെപിസിസി അംഗവുമാണ്. കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറിയും എൻഎസ്‌യു ദേശീയ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്നു.
English Summary: rahul mamkootathil new youth congress state president
You may also like this video