Site iconSite icon Janayugom Online

”രാഹുൽ മാങ്കൂട്ടത്തിലിനെ പടിയടച്ച് പിണ്ഡം വയ്‌ക്കണം”; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചുകളി തുടരുന്നതിനിടയില്‍, ശക്തമായ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് രംഗത്ത്. പാർട്ടി അടിയന്തിരമായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കണമെന്നും പടിയടച്ച് പിണ്ഡം വയ്ക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. രാഹുൽ മാങ്കൂട്ടമല്ല അദ്ദേഹത്തിന്റെ മനോനിലയാണ് പ്രശ്നം. “ഞരമ്പൻ“എന്ന നാടൻ ഭാഷ സിപിഎം സൈബർ സഖാക്കൾ പ്രയോഗിക്കുമ്പോൾ അതിനെ പ്രതിരോധിക്കേണ്ട ഗതികേടിൽ കോൺഗ്രസ് പ്രവർത്തകർ പോകേണ്ട സമയമല്ല ഇത്. എത്ര കിട്ടിയാലും പഠിക്കില്ല എന്നാണേൽ ഇനി പഠിക്കാൻ പാർട്ടി ഉണ്ടാകില്ല. പാർട്ടി നടപടി എടുത്താൽ എത്ര ഉന്നത നേതാവിന്റെ സംരക്ഷണം ഉണ്ടെങ്കിലും യാഥാർത്ഥ്യം മനസിലാക്കി മാത്രമേ പിന്നീടുള്ള സംരക്ഷണ കാര്യം തീരുമാനിക്കാവൂ. ആർക്കാണ് ഇദ്ദേഹത്തെ ഇപ്പോൾ പരിശുദ്ധനാക്കിയേ മതിയാകൂ എന്ന ധൃതി ഉള്ളത്. ‘പെൺകുട്ടികളുടെ മാനത്തിനും വിലയുണ്ട്’ എന്ന് നേതൃത്വം മനസിലാക്കണം. നീതി എന്നുള്ളത് പീഡിപ്പിക്കുന്നവനല്ല ഇരകൾക്കുള്ളതാണ്. ഗർഭച്ഛിദ്രവും പീഡനങ്ങളും എല്ലാം മാധ്യമത്തിലൂടെയും അല്ലാതെയും നേതൃത്വത്തിനും എല്ലാപേർക്കും മനസിലായിട്ടും ആ കുട്ടികൾ പരാതി നൽകിയില്ല എന്ന് പറയുന്നത് അവരുടെ ആത്മാഭിമാനത്തിനോടുള്ള വെല്ലുവിളി തന്നെയാണ്. അവർ പരാതി നൽകിയാൽ പാർട്ടിയ്ക്ക് എന്ത് ചെയ്യാനാകുമെന്നും സജന ചോദിക്കുന്നു. ആത്മാഭിമാനം പണയം വയ്ക്കാത്ത നമ്മളെ പോലുള്ളവർക്ക് വേണ്ടി പാർട്ടി ഇതുപോലുള്ള സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വച്ചേ മതിയാവുകയുള്ളൂവെന്ന് സജന ഫേസ്ബുക്ക് കുറിപ്പില്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍, ഫേസ്ബുക്ക് പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ചും രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുമാണ് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് അണികള്‍ ഭൂരിഭാഗവും കമന്റിട്ടിരിക്കുന്നത്.

Exit mobile version