Site iconSite icon Janayugom Online

രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും റിമാന്‍ഡില്‍; മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി

ബലാത്സംഗക്കേസിലെ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ വീണ്ടും റിമാന്‍ഡില്‍ വിട്ട് കോടതി. മാവേലിക്കര സബ് ജയിലിലേക്കാണ് രാഹുലിനെ മാറ്റിയത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ പത്തനംതിട്ട മജിസ്‌ട്രേറ്റ് മുമ്പാകെ ഇന്ന് ഹാജരാക്കിയിരുന്നു. ചോദ്യം ചെയ്യലില്‍ രാഹുല്‍ നിസഹകരണം തുടരുന്ന സാഹചര്യത്തില്‍ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് എസ്‌ഐടി ആവശ്യപ്പെട്ടില്ല.

അതേസമയം കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് രാഹുലിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. കനത്ത സുരക്ഷയോടെ പൊലീസ് സാനിധ്യത്തിലാണ് രാഹുലിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ വെച്ച് യുവജന സംഘടന പ്രവര്‍ത്തകര്‍ രാഹുലിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മൂന്നു ദിവസത്തേക്കാണ് രാഹുലിനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്.

രാഹുല്‍ സമർപ്പിച്ച ജാമ്യഹര്‍ജി കോടതി നാളെ പരിഗണിക്കും. അതേസമയം അതിജീവിതയുടെ രഹസ്യമൊഴി ശേഖരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രാഹുലിന്റെ ഫോണ്‍ എസ്‌ഐടി കസ്റ്റഡിയിലെടുത്തിരുന്നു.എന്നാല്‍ ഐഫോണിന്റെ പാസ് വേര്‍ഡ് കൈമാറാന്‍ രാഹുല്‍ തയ്യാറായിട്ടില്ല. സൈബര്‍ വിദഗ്ധര്‍ അടങ്ങുന്ന സംഘത്തെക്കൊണ്ട് ഈ ഫോണുകള്‍ വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Exit mobile version