Site iconSite icon Janayugom Online

കെജ്രിവാളും,സിസോദിയയും മദ്യകുംഭകോണ ശില്പികളെന്ന് രാഹുല്‍; ഭീരു ആരെന്ന് രാജ്യത്തിനറിയാമെന്ന് കെജ്രിവാളിന്റെ മറുപടിയും

ഡല്‍ഹി നിയമസഭാ തെര‍ഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ശക്തമായിനീങ്ങുന്നതിനിടെ മുന്‍ മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെയും , മുന്‍ മന്ത്രി മനീഷ് സിസോദിയയെയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. ഇരുവരും മദ്യ കുംഭകോണത്തിന്റെ ശില്പികള്‍ എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത് .

കെജ്രിവാള്‍ ആദ്യമായി മുഖ്യമന്ത്രിക്കസേരയിലേക്കെത്തുമ്പോൾ ഒരു ചെറിയ കാറായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്നും രാഹുൽ ഓർമിപ്പിച്ചു. പുതിയൊരുതരം രാഷ്ട്രീയം അവതരിപ്പിക്കുമെന്നും അന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഡൽഹിയെ വലിയതോതിൽ മാറ്റിമറിക്കുമെന്ന വാഗ്ദാനമുണ്ടായി. എന്നാൽ, ഡൽഹിയിലെ സാധാരണ ജനങ്ങൾക്ക് അദ്ദേഹത്തെ ആവശ്യമുള്ളപ്പോൾ, അദ്ദേഹത്തെ എവിടെയും കണ്ടില്ല. ഡൽഹിയിൽ കലാപം നടന്നപ്പോൾ അദ്ദേഹത്തെ എവിടെയും കാണാനില്ലായിരുന്നു.

അഴിമതിരഹിത ഭരണം പ്രഖ്യാപിച്ച കെജ്രിവാളും സംഘവും രാജ്യത്തെ ഏറ്റവും വലിയ മദ്യ കുംഭകോണക്കേസിൽ പ്രതികളായതും ഡൽഹിയിലെ ജനങ്ങൾ കണ്ടു രാഹുൽ ആരോപിച്ചു. കെജ്രിവാള്‍ ഡൽഹി മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ബംഗ്ലാവ് പുതുക്കിപ്പണിയാൻ എഎപി 45 കോടി രൂപ ചെലവഴിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിജി എന്നെ വീട്ടിൽനിന്ന് പുറത്താക്കാൻ ശ്രമിച്ചപ്പോൾ ഞാൻ അവർക്ക് താക്കോൽ കൈമാറുകയാണ് ചെയ്തത്. പക്ഷേ, കെജ്രിവാള്‍ ജനങ്ങളുടെ പണം കൊണ്ടൊരു ശീഷ്മഹൽ നിർമിച്ച് അവിടെയാണ് താമസിക്കുന്നത് രാഹുല്‍ കൂട്ടിച്ചേര്‍ത്തു

രാഹുൽ ഗാന്ധിക്ക് മറുപടിയുമായി രാത്രിയോടെ കെജ്രിവാളും രംഗത്ത് എത്തി. മദ്യക്കച്ചവടം പോലുള്ള വ്യാജ കേസുകളുണ്ടാക്കി പോലും മോഡിജി ആളുകളെ ജയിലിലടയ്ക്കുന്നു. നാഷനൽ ഹെറാൾഡ് പോലുള്ള സത്യമായ കേസുകളിൽ നിങ്ങളെയും കുടുംബത്തെയും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല? റോബർട്ട് വാദ്‌രയ്ക്ക് ബിജെപിയിൽനിന്ന് ക്ലീൻചിറ്റ് എങ്ങനെ ലഭിച്ചു? ഭയത്തെയും ധൈര്യത്തെയും കുറിച്ച് നിങ്ങൾ പ്രസംഗിക്കാതിരിക്കുന്നതാണ് നല്ലത്. ആരാണ് ഭീരുവെന്നും ആരാണ് ധീരനെന്നും രാജ്യത്തിന് അറിയാംകെജ്രിവാള്‍ സമൂഹമാധ്യമത്തിൽ കുറിച്ചു. 

മദ്യനയക്കേസിൽ അറസ്റ്റിലായി ജയിലിലടക്കപ്പെട്ടപ്പോൾ കെജ്രിവാളിനേയും, സിസോദിയ ഉൾപ്പെടെയുള്ള നേതാക്കളെയും പിന്തുണച്ച രാഹുൽ ഗാന്ധി ഇന്നലെ എഎപിക്കെതിരെ തിരിഞ്ഞതു ശ്രദ്ധേയമാണ്. കെജ്രിവാളിനെതിരെ കോൺഗ്രസിനായി സന്ദീപ് ദീക്ഷിത് മത്സരിക്കുന്ന ന്യൂഡൽഹി മണ്ഡലം, എഎപി സ്ഥാനാർഥിയായി സിസോദിയ വീണ്ടും ജനവിധി തേടുന്ന പട്പട്ഗഞ്ച് എന്നിവിടങ്ങളിലാണ് രാഹുൽ ഇന്നലെ റാലി നടത്തിയത്.

വരുംദിനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ രാഹുൽ സജീവമാകുമെന്നു കോൺഗ്രസ് അറിയിച്ചു. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസും എഎപിയും ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പരസ്പരം മത്സരിക്കുകയാണ്. സഖ്യത്തിന്റെ ഭാഗമായുള്ള മറ്റു ചില പാർട്ടികൾ എഎപിക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

Exit mobile version