Site iconSite icon Janayugom Online

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കണം: എഐവൈഎഫ്

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ പീഡിപ്പിച്ചതിന് ശേഷം ഗർഭഛിദ്രം നടത്തിയ സംഭവം കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ജീർണതയാണ് വെളിപ്പെടുത്തുന്നതെന്ന് എഐവൈഎഫ്.
സ്ത്രീകളുടെ മാനവും അന്തസും സംരക്ഷിക്കാൻ നിയുക്തനായ നിയമസഭാ സാമാജികൻ തന്നെ സ്ത്രീകളെ ചൂഷണം ചെയ്തുവെന്നത് പ്രബുദ്ധ കേരളത്തിനപമാനമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.
നടിയും മാധ്യമ പ്രവർത്തകയും ആയ റിനി ആൻ ജോർജ് ജന പ്രതിനിധിയായ യുവ നേതാവ് തന്നെ ലൈംഗിക താല്പര്യത്തോടെ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും വെളിപ്പെടുത്തിയതിന് പിന്നാലെയാണ് രാഹുലിന്റെ പീഡന കഥ പുറത്തു വരുന്നത്. നിരവധി സ്ത്രീകൾക്കും പാർട്ടി നേതാക്കളുടെ ഭാര്യമാർക്കും മക്കൾക്കുമെല്ലാം സമാനമായ രീതിയിലുള്ള അനുഭവങ്ങൾ യുവ നേതാവിൽ നിന്നുണ്ടായിട്ടുണ്ടെന്നും തനിക്കുണ്ടായ മോശം അനുഭവം പിതൃതുല്യനായി കാണുന്ന കോൺഗ്രസ് നേതാവിനോട് പങ്കു വച്ചിരുന്നുവെന്നുമുള്ള നടിയുടെ ആരോപണവും ഗൗരവമുള്ളതാണ്.
പരാതി ലഭിച്ച അവസരത്തിൽ യാതൊരു നടപടിയും സ്വീകരിക്കാതെ യുവ നേതാവിനെ സംരക്ഷിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതൃത്വം ഒടുവിൽ കൂടുതൽ വെളിപ്പെടുത്തലുകൾ വന്നപ്പോൾ നിൽക്കക്കള്ളിയില്ലാതെയാണ് പ്രതികരിച്ചത്.
കോൺഗ്രസിന്റെ സദാചാര വിരുദ്ധ സമീപനങ്ങൾക്കും സ്ത്രീ വിരുദ്ധ നിലപാടുകൾക്കുമെതിരെ പൊതു സമൂഹം പ്രതികരിക്കണമെന്നും അദ്ദേഹത്തിന്റെ രാജിക്കായി എഐവൈഎഫ് പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

 

Exit mobile version