രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവി രാജിവയ്ക്കണമെന്ന നിലപാടുമായി കൂടുതൽ നേതാക്കൾ. രാഹുൽ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല നേതൃത്വത്തെ അറിയിച്ചു. ഇനിയും വെളിപ്പെടുത്തലുകൾക്ക് സാധ്യതയുള്ളതിനാൽ രാഹുൽ പദവിയിൽ തുടരുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി എന്നിവരുമായുള്ള ചർച്ചയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുൽ തുടരുന്നതിനോടു ശക്തമായ വിയോജിപ്പുണ്ടെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചു. കുറ്റാരോപിതരെ സംരക്ഷിക്കില്ലെന്നും പാർട്ടി നിലപാട് വൈകില്ലെന്നും കെ.മുരളീധരൻ പറഞ്ഞു. രാജി സംബന്ധിച്ച് കോൺഗ്രസാണ് തീരുമാനം എടുക്കേണ്ടതെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. ലൈംഗിക ചൂഷണ പരാതികളുടെ പരമ്പര നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗത്വം ഒഴിയാനായി കോൺഗ്രസിൽ വൻ സമ്മർദമുണ്ട്.
‘രാഹുൽ രാജിവയ്ക്കണം, ഒരു നിമിഷം തുടരരുത്’: നിലപാട് കടുപ്പിച്ച് ചെന്നിത്തല, രാജിക്കായി വൻ സമ്മർദം

