Site iconSite icon Janayugom Online

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുലിന്റെ ഫോൺ കസ്റ്റഡിയിലെടുത്തു, അറസ്റ്റ് ചെയ്തേക്കും

യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ അറസ്റ്റ് ചെയ്തേക്കും. രാഹുൽ ഈശ്വറിൻ്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാപ്പ്ടോപ്പിൽ നിന്നാണ് വീഡിയോ അപ്‍ലോഡ് ചെയ്‌തെന്നായിരുന്നു രാഹുൽ ഈശ്വറിൻ്റെ ആദ്യമൊഴി. പിന്നീട് ഓഫീസിൽ പരിഗോധനക്കിറങ്ങിയപ്പോൾ മൊബൈൽ കൈമാറുകയായിരുന്നു. പരിശോധനയിൽ മൊബൈലിലെ ഒരു ഫോൾഡറിൽ അപ്‍ലോഡ് ചെയ്ത വീഡിയോ പൊലീസ് കണ്ടെത്തി. അതേസമയം, കേസിൽ നാലു പേരെ പ്രതിചേർത്തു. രഞ്ജിത പുളിക്കൻ, അഡ്വ. ദീപ ജോസഫ്, സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ എന്നിവരെയാണ് സൈബർ ആക്രമണ കേസിൽ പ്രതിചേർത്തത്. ദീപ ജോസഫ് രണ്ടു പോസ്റ്റുകളിലൂടെ പരാതികാരിയെ അപമാനിച്ചുവെന്ന് പൊലീസ് പറയുന്നു.

ഇന്ന് വൈകുന്നേരത്തോടെയാണ് രാഹുൽ ഈശ്വറെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പിന്നീട് എആർ ക്യാമ്പിൽ വെച്ച് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. രാഹുൽ ഈശ്വർ ഉൾപ്പെടെ 4 പേരുടെ യുആർഎൽ ഐഡികളാണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്. കോണ്‍‌ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പൊലീസിൻ്റെ നിർണായക നീക്കം.

അതേസമയം, ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ഫ്ലാറ്റിൽ ഉള്ളത് ഒരു മാസത്തെ സിസിടിവി ബാക്ക് അപ്പാണെന്ന് പൊലീസ് കണ്ടെത്തി. നാളെ അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റിൽ എത്തും. കെയർടേക്കറിൽ നിന്ന് വിവരങ്ങൾ തേടും. ഫ്ലാറ്റിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. രാഹുൽ അവസാനം ഫ്ലാറ്റിൽ എത്തിയത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു

Exit mobile version