Site iconSite icon Janayugom Online

സിനിമാ നിർമാതാക്കളുടെ ഓഫീസുകളിൽ റെയ്ഡ്

മൂന്ന് മലയാള ചലച്ചിത്ര നിർമാതാക്കളുടെ ഓഫീസിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ കൊച്ചിയിലെ ഓഫീസുകളിലായിരുന്നു റെയ്ഡ്. ഒ ടി ടി പ്ലാറ്റ്ഫോമുകളുമായുള്ള ഇടപാടുകളാണ് പ്രധാനമായും ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. കൊച്ചി ആദായനികുതി വകുപ്പിന്റെ കീഴിലുള്ള ടി ഡി എസ് വിഭാഗമാണ് ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് ഫിലിംസിന്റെ ഓഫീസ്, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ആന്റോ ജോസഫിന്റെ ഓഫീസ് എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്. വെളളിയാഴ്ച്ച ഉച്ചയോടെ ആരംഭിച്ച പരിശോധന ഏറെ വൈകിയാണ് അവസാനിച്ചത്. ഇടപാടുകളിൽ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയില്ല. 

സമീപകാലത്ത് ഈ മൂന്ന് നിർമാതാക്കളുടേയും ചിത്രങ്ങൾ ഒടിടിയില്‍ വിൽപ്പന നടത്തിയിരുന്നു. കോടി കണക്കിന് രൂപയാണ് ഒടിടി കച്ചവടത്തിലൂടെ നിർമാതാക്കളുടെ പോക്കറ്റിലേയ്ക്ക് എത്തിയത്. ഈ ചിത്രങ്ങളുടെയെല്ലാം വരുമാനത്തിൽ നിന്നുള്ള ആദായനികുതി കൃത്യമായി അടച്ചിട്ടുണ്ടോ, കൃത്യമായ മാർഗങ്ങളിൽ കൂടിയാണോ പണമിടപാടുകൾ നടന്നത്, ഈ നിർമാതാക്കളുടെ സാമ്പത്തിക സ്രോതസ് ഏതൊക്കെ എന്നിവയാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. 

നിർമാതാക്കളുടെ ടിഡിഎസുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് പതിവായി പരിശോധനകൾ നടത്താറുണ്ട്. എന്നാൽ അത്തരത്തിൽ പതിവായി നടത്തുന്ന പരിശോധന പോലെയല്ല ഇത്തവണത്തെ റെയ്ഡെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. നിർമാതാക്കൾക്ക് പല രീതികളിലൂടെയുമാണ് വരുമാനം വരുന്നതെന്നും അവയുടെയെല്ലാം ടിഡിഎസ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതായുണ്ടെന്നും ഇക്കാര്യത്തിൽ വീഴ്ച്ച പറ്റിയിട്ടുണ്ടോയെന്നുമാണ് പരിശോധിക്കുന്നത്. റെയ്ഡ് പൂർണമായും നിർമ്മാതാക്കളുടെ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. നിർമാതാക്കളുടെ വീടുകളിലേയ്ക്ക് ആദായനികുതി വകുപ്പ് കടന്നിട്ടില്ല. 

ENGLISH SUMMARY:Raid on film­mak­ers’ offices
You may also like this video

Exit mobile version