Site iconSite icon Janayugom Online

എന്‍എസ്ഇ മുന്‍ മേധാവി ചിത്ര രാമകൃഷ്ണയുടെ വസതിയില്‍ റെയ്ഡ്

ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ(എന്‍എസ്ഇ) മുന്‍ മേധാവി ചിത്ര രാമകൃഷ്ണയുടെ മുംബൈയിലെ വസതിയില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി. സ്റ്റോക്ക് എക്സ്ചേഞ്ച് മേധാവിയായിരിക്കെ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുള്ള ഒരാള്‍ക്ക് കൈമാറിയിരുന്നതായി സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍‍ഡ് ഓഫ് ഇന്ത്യ (സെബി) കണ്ടെത്തിയിരുന്നു. പരിശോധന നടത്തിയ വിവരം സ്ഥിരീകരിച്ചുവെങ്കിലും ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആദായനികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല. 

ഹിമാലയ മലനിരകളില്‍ താമസിക്കുന്ന അജ്ഞാത യോഗി എന്നറിയപ്പെടുന്ന ഒരാള്‍ക്ക് ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ഇ‑മെയിലിലൂടെ ചിത്ര രാമകൃഷ്ണ കൈമാറിയതായി വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മൂന്ന് കോടി രൂപ ചിത്രയ്ക്ക് പിഴ നിശ്ചയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി ഇയാള്‍ ചിത്രയുടെ ആത്മീയഗുരുവായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്റ്റോക്ക് എക്സ്ചേഞ്ചിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരുടെ നിയമനവും ശമ്പളവും വരെ യോഗിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ചിത്ര രാമകൃഷ്ണ തീരുമാനിച്ചതെന്നും സെബിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഡയറക്ടര്‍ ബോര്‍ഡുമായുള്ള അഭിപ്രായ ഭിന്നത മൂലം 2016ല്‍ ചിത്ര പദവിയില്‍ നിന്നും രാജിവെച്ചതിനെ തുടര്‍ന്ന് സെബി നടത്തിയ പരിശോധനയിലാണ് രാജ്യത്തെ ഞെട്ടിച്ച വിവരങ്ങള്‍ കണ്ടെത്തിയത്. 

Eng­lish Summary:Raid on for­mer NSE chief Chi­tra Ramakr­ish­na’s residence
You may also like this video

Exit mobile version