Site iconSite icon Janayugom Online

ഹ്യുണ്ടായ് ഫാക്ടറിയിൽ റെയ്ഡ്; 475 പേര്‍ അറസ്റ്റില്‍

ജോർജിയയിലെ ഹ്യുണ്ടായ് ഫാക്ടറിയിൽ പരിശോധന. നിയമവിരുദ്ധമായി താമസിച്ചിരുന്ന 475 തൊഴിലാളികളെ തടവിലാക്കി. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. തടവിലാക്കപ്പെട്ടവരിൽ ഭൂരിഭാഗവും ദക്ഷിണ കൊറിയൻ പൗരന്മാരാണ്. വിസ കാലാവധി കഴിഞ്ഞതിനാലോ, തൊഴിൽ ചെയ്യരുതെന്ന് വ്യവസ്ഥയുള്ള വിസയിൽ ജോലി ചെയ്‌തതിനാലോ നിയമം ലംഘിച്ചവരാണ് പിടിയിലായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അറസ്റ്റ‌ിലായ ആരും ഹ്യുണ്ടേയിയുടെ നേരിട്ടുള്ള ജീവനക്കാരല്ലെന്നും, പകരം ഉപ കരാറുകാര്‍ക്ക് വേണ്ടിയാണ് പ്രവർത്തിച്ചിരുന്നതെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു. തങ്ങൾ എല്ലാ നിയമങ്ങളും പാലിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും ഹ്യുണ്ടായ് വ്യക്തമാക്കി.
സംയുക്ത സംരംഭപങ്കാളിയായ എൽജി എനർജി സൊല്യൂഷനും അധികാരികളുമായി പൂർണമായി സഹകരിക്കുമെന്ന് അറിയിച്ചു. അന്വേഷണം സുഗമമാക്കുന്നതിനായി ഇവി ബാറ്ററി പ്ലാന്റിന്റെ നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചതായും കമ്പനി അറിയിച്ചു.
സംഭവത്തിൽ ദക്ഷിണ കൊറിയൻ സർക്കാർ ആശങ്കയും ഖേദവും രേഖപ്പെടുത്തി. തങ്ങളുടെ നിക്ഷേപകരുടെയും പൗരന്മാരുടെയും അവകാശങ്ങൾ അന്യായമായി ലംഘിക്കപ്പെടരുതെന്ന് അവർ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്തെ ഏറ്റവും വലിയ തൊഴിലിട റെയ്ഡുകളിലൊന്നാണിത്. അനധികൃത തൊഴിൽ സമ്പ്രദായങ്ങളെക്കുറിച്ചുള്ള മാസങ്ങൾ നീണ്ട അന്വേഷണത്തിന്റെ ഭാഗമാണ് ഈ റെയ്ഡ് എന്ന് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് പറയുന്നു. 

Exit mobile version