Site iconSite icon Janayugom Online

മറുനാടൻ മലയാളി ഓഫീസുകളില്‍ റെയ്ഡ്; ജീവനക്കാരുടെ മൊഴിയെടുത്തു

ഒളിവില്‍ കഴിയുന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ കണ്ടെത്താനും തെളിവുശേഖരണത്തിനുമായി കൊല്ലത്തേയും കൊച്ചിയിലേയും ഓഫീസുകളിൽ പ്രത്യേക അന്വേഷകസംഘം പരിശോധന നടത്തി. കൊല്ലത്ത്‌ രണ്ട്‌ റിപ്പോർട്ടർമാരെയും ഓഫീസ്‌ ജീവനക്കാരനെയും കണ്ണൂരിൽ റിപ്പോർട്ടറെയും ചോദ്യംചെയ്‌തു.

കരുനാഗപ്പള്ളി, മയ്യനാട്‌ റിപ്പോർട്ടർമാരായ പിയൂഷ്‌, ശ്യാം, മൺറോതുരുത്തിലെ ഓഫീസ്‌ ജീവനക്കാരൻ ശോഭൻ എന്നിവരെയാണ്‌ തിങ്കളാഴ്‌ച ചോദ്യം ചെയ്‌തത്‌. ഓഫീസുകളിലെത്തിയ അന്വേഷക സംഘം ഫയലുകളും മറ്റു രേഖകളും പരിശോധിക്കുകയും. കൊട്ടിയത്തുള്ള ഓൺലൈൻ മാധ്യമ പ്രവർത്തകൻ രാഗം രാധാകൃഷ്‌ണന്റെ മൊഴിയെടുക്കുകയും ചെയ്തു.

കൊച്ചി ഇടപ്പള്ളി മരോട്ടിച്ചോടിലെ ഓഫീസിൽനിന്ന്‌ രണ്ടുവീതം ലാപ്‌ടോപ്പുകൾക്കും മൊബൈൽഫോണുകളും ക്യാമറയും, മെമ്മറി കാർഡ്‌ എന്നിവ പിടിച്ചെടുത്തു. മൂന്നു ജീവനക്കാരുടെ മൊഴിയുമെടുത്തു.

കണ്ണൂർ റിപ്പോർട്ടർ ഇ എം രഞ്‌ജിത്ത്‌ ബാബുവിന്റെ താഴെചൊവ്വ കിഴുത്തള്ളിയിലെ വീട്ടിൽ കണ്ണൂർ ടൗൺ പൊലീസ്‌ റെയ്‌ഡ്‌ നടത്തി. മറുനാടൻ മലയാളിക്ക്‌ രഞ്ജിത്ത്‌ബാബു വർഷങ്ങളായി നൽകിയ വാർത്തകളുടെയും പ്രതിഫലത്തിന്റെയും വിവരങ്ങൾ പൊലീസ്‌ ശേഖരിച്ചിട്ടുണ്ട്‌. തിരിച്ചറിയൽ കാർഡും ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങളും കണ്ടെടുത്തു. ഇയാളുടെ ഫോൺ കസ്‌റ്റഡിയിലെടുത്തത്‌ സൈബർസെല്ലിന്‌ കൈമാറും. കഴിഞ്ഞദിവസം കൊച്ചി സിറ്റി പൊലീസ്‌ ഷാജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്‌ ലുക്ക്‌ ഔട്ട്‌ സർക്കുലർ ഇറക്കിയിരുന്നു. വ്യാജവാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പി വി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ്‌ കേസെടുത്തത്‌.

Eng­lish Summary:Raid on marunadan Malay­ali offices; The state­ment of the employ­ees was taken

You may also like this video

Exit mobile version