Site iconSite icon Janayugom Online

റെയില്‍ ജാഗ്രതാ ബോധവത്ക്കരണ പരിപാടിക്ക് തുടക്കം

റെയില്‍ ജാഗ്രതാ ബോധവത്ക്കരണ പരിപാടിയുടെ ആദ്യഘട്ടം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സിറ്റി എസിപി ടി കെ രത്നകുമാര്‍ ഉദ്ഘാടനം ചെയ്തു. കേരള ഫയർ ആൻഡ് റെസ്‌ക്യു, സിവിൽ ഡിഫൻസ്, കണ്ണൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്, റെയിൽവേ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്‌, കേരള റെയിൽവേ പൊലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്‌ പരിപാടി. വർധിക്കുന്ന ട്രെയിൻ അപകടങ്ങൾക്കെതിരെ ബോധവൽക്കരണം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി. സുരക്ഷാ നിർദേശ നോട്ടീസുകൾ യാത്രക്കാർക്കും പൊതുജനങ്ങൾക്കും വിതരണംചെയ്തു.

രണ്ടാംഘട്ടത്തിൽ ട്രെയിൻ യാത്രക്കാർക്കും നോട്ടീസുകൾ നൽകും. മൂന്നാംഘട്ടത്തിൽ പെട്ടെന്നുണ്ടാകുന്ന അപകടങ്ങളിൽനിന്ന്‌ രക്ഷപ്പെടാനുള്ള അറിവ് നൽകുന്നതിന് മോക്ഡ്രില്ലും സംഘടിപ്പിക്കും. കേരള പൊലീസിന്റെ പോൽ ആപ്പിൽ ജനങ്ങൾക്ക് സഹായം തേടാം. സുരക്ഷാ ഹെൽപ് ലൈൻ നമ്പറുകളിലും ബന്ധപ്പെടാനുള്ള ക്ലാസുകൾ നൽകും. തീപിടിത്ത സമയത്ത് ഫയർ എക്‌സ്റ്റിംഗ്വിഷർ ഉപയോഗിക്കുന്നതിനെക്കുറിച്ചും അടിയന്തരഘട്ടങ്ങളിലെ സിപിആറിനെക്കുറിച്ചു അഗ്നിരക്ഷാ ഓഫീസർ സി വിനേഷ് ക്ലാസെടുത്തു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാനേജർ എസ് സജിത്‌കുമാർ അധ്യക്ഷനായി. കണ്ണൂർ സിവിൽ ഡിഫൻസ് വളന്റിയർ പി ജോയ്, ആർപിഎഫ് എസ്‌ഐ ടി വിനോദ്, കണ്ണൂർ റെയിൽവേ പൊലീസ്‌ എസ്‌ഐ പി വിജേഷ്, അഗ്നിരക്ഷാ സേന കണ്ണൂർ സ്റ്റേഷൻ ഓഫീസർ ടി അജയൻ, അസി. സ്റ്റേഷൻ ഓഫീസർ ആർ പ്രസീന്ദ്രൻ, പോസ്റ്റ് വാർഡൻ കെ ഷൈമ എന്നിവർ സംസാരിച്ചു. 

Exit mobile version