Site iconSite icon Janayugom Online

ജോലി ലഭിച്ചില്ല: ട്രെയിനിന് തീവച്ച് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം

traintrain

ബിഹാറില്‍ ഉദ്യോഗാര്‍ത്ഥികള്‍ ട്രെയിനിന് തീവച്ചു. ബിഹാറിലെ ഗയയിലാണ് സംഭവം. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ (ആർആർബി) നോൺ‑ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറീസ് (എൻടിപിസി) മത്സര പരീക്ഷകൾക്കെതിരായാണ് ഉദ്യോഗാർത്ഥികൾ പ്രതിഷേധം തുടരുന്നത്. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ ബോഗിയ്ക്കാണ് തീവച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. പ്രതിഷേധക്കാർ ജഹാനാബാദിൽ പോലീസിന് നേരെ കല്ലെറിയുകയും ഭഗൽപൂരിൽ ട്രെയിനുകളുടെ ഗതാഗതം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
ക്ഷുഭിതരായ ഉദ്യോഗാര്‍ത്ഥികള്‍ ട്രെയിനിനുനേരെ കല്ലെറിയുകയും ചെയ്തിട്ടുണ്ട്. പ്ലാറ്റ്ഫോമിലാകെ കല്ലുകള്‍ ചിതറിക്കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
പ്രതിഷേധങ്ങൾക്കിടയിൽ, റിക്രൂട്ട്‌മെന്റ് യജ്ഞം നിർത്തിവയ്ക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിക്കുകയും പ്രതിഷേധക്കാരുമായി സംസാരിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഉദ്യോഗാര്‍ത്ഥികളുടെ അഭിപ്രായം കേട്ടതിനുശേഷം മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അധികൃതരുടെ വാദം. അതിനുശേഷം മാത്രമേ വിഷയത്തില്‍ മന്ത്രാലയം തീരുമാനം കൈക്കൊള്ളുവെന്നും അധികൃതര്‍ അറിയിച്ചു.

ഗയയിൽ, പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസുകാർ ശ്രമിച്ചപ്പോൾ, അവരിൽ ചിലർ ട്രെയിൻ കമ്പാർട്ടുമെന്റിന് തീയിടുകയായിരുന്നു.
സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. “ആറ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കെതിരെയും അജ്ഞാതരായ 150 പേർക്കെതിരെയും എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എട്ട് പേരെ (ചില കോച്ചിംഗ് സ്ഥാപനങ്ങളുടെ ഭാരവാഹികൾ ഉൾപ്പെടെ) ഞങ്ങൾ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്,” പട്‌ന സീനിയർ പോലീസ് സൂപ്രണ്ട് പറഞ്ഞു,
പട്‌നയിൽ വിവിധ ഇടങ്ങളിൽ പ്രതിഷേധം തുടരുന്നുണ്ട്. “വിദ്യാർത്ഥികളെ പ്രതിഷേധത്തിന് പ്രേരിപ്പിക്കുന്ന ചില കോച്ചിംഗ് സ്ഥാപനങ്ങളെ ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അത്തരം മറ്റ് ചില കോച്ചിംഗ് സെന്ററുകളെയും ഞങ്ങൾ നിരീക്ഷിക്കുന്നു,” പട്ന ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖർ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ, അറയിലും പ്രക്ഷോഭകർ ട്രെയിൻ കമ്പാർട്ടുമെന്റ് കത്തിച്ചിരുന്നു.

Eng­lish Sum­ma­ry: Rail­way job aspi­rants set train on fire in Bihar

You may like this video also

Exit mobile version