Site iconSite icon Janayugom Online

റെയിൽവേ വരുമാനം: തിരുവനന്തപുരം സെൻട്രൽ മുന്നില്‍

സംസ്ഥാനത്തെ റെയിൽവേ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ ഒന്നാമത്. റെയിൽവേ പുറത്തുവിട്ട 2022–23 വർഷത്തെ കണക്കിലാണ് ഇക്കാര്യമുള്ളത്. 215.95 കോടി രൂപയാണ് കഴിഞ്ഞ ഒരുവർഷം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് വരുമാനമായി ലഭിച്ചത്. ഈ കാലയളവിൽ 1.09 കോടിയിലേറെ ആളുകളാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ വഴി യാത്ര ചെയ്തത്. 

വരുമാനത്തിന്റെ കാര്യത്തിൽ രണ്ടാമത് എറണാകുളം ജങ്ഷൻ സ്റ്റേഷനാണ്, 213.43 കോടി രൂപ. മൂന്നാമത് കോഴിക്കോടാണ്. 147.40 കോടി രൂപയാണ് കോഴിക്കോട് സ്റ്റേഷനിൽനിന്ന് റെയിൽവേയ്ക്ക് ലഭിച്ച വരുമാനം. വരുമാനത്തിൽ തൃശൂർ(136.61 കോടി രൂപ), പാലക്കാട്(103.14 കോടി രൂപ), എറണാകുളം നോർത്ത്(97.24 കോടി രൂപ), കണ്ണൂർ(87.06 കോടി രൂപ), കൊല്ലം(84.83 കോടി രൂപ) എന്നീ സ്റ്റേഷനുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. 

വരുമാനം, യാത്രക്കാരുടെ എണ്ണം എന്നിവയുടെ കാര്യത്തിൽ ആലുവ, കോട്ടയം, ചെങ്ങന്നൂർ, ഷൊർണൂർ, കായംകുളം, കൊച്ചുവേളി, തലശേരി, കാസർഗോഡ്, ആലപ്പുഴ, തിരൂർ സ്റ്റേഷനുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്. എന്നാൽ യാത്രക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് കോഴിക്കോടാണ്. 97.98 ലക്ഷം യാത്രക്കാരാണ് കോഴിക്കോട് സ്റ്റേഷൻ വഴി റെയിൽ ഗതാഗതത്തെ ആശ്രയിച്ചത്. യാത്രക്കാരുടെ എണ്ണത്തിൽ എറണാകുളം ജങ്ഷൻ മൂന്നാമതും കൊല്ലം ജങ്ഷൻ നാലാമതുമാണ്. എറണാകുളം സ്റ്റേഷൻ വഴി 73.18 ലക്ഷം പേരും കൊല്ലം സ്റ്റേഷൻ വഴി 67.04 ലക്ഷം പേരുമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ യാത്ര ചെയ്തത്. 

Eng­lish Summary:Railway rev­enue: Thiru­vanan­tha­pu­ram Cen­tral ahead
You may also like this video

Exit mobile version