Site icon Janayugom Online

റെയില്‍വേ ടിക്കറ്റ് അച്ചടിയും സ്വകാര്യമേഖലയ്ക്ക്; അഞ്ച് പ്രസുകള്‍ പൂട്ടുന്നു

രാജ്യത്തെ റെയില്‍വേ ടിക്കറ്റുകള്‍ അച്ചടിച്ചിരുന്ന റെയില്‍വെ പ്രസുകള്‍ പൂട്ടാന്‍ തീരുമാനം. ടിക്കറ്റുകള്‍ ഇനി മുതല്‍ സ്വകാര്യ പ്രസുകളിലാവും അച്ചടിക്കുക. ചെന്നൈയിലെ റോയാപുരം, മുംബൈയിലെ ബൈക്കുള, സെക്കന്തറാബാദ്, കൊല്‍ക്കത്തയിലെ ഹൗറ, ഡല്‍ഹിയിലെ ഷാകുര്‍ബസ്തി എന്നീവിടങ്ങളിലെ പ്രസുകളാണ് അടച്ച് പൂട്ടുന്നത്. ടിക്കറ്റ് സംവിധാനം പൂര്‍ണമായും ഡിജിലൈസ് ചെയ്യാനുള്ള തീരുമാനത്തിന്റെ ഭാഗമായി ആണ് പ്രസുകള്‍ പൂട്ടുന്നതെന്നാണ് അവകാശപ്പെടുന്നത്.
2020ലാണ് രാജ്യത്തെ അഞ്ച് റെയില്‍വേ പ്രസുകള്‍ അടച്ച് പൂട്ടാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചത്. എന്നാല്‍ ഓള്‍ ഇന്ത്യ റെയില്‍വേമെന്‍ അസോസിയേഷന്‍ (എആആര്‍എഫ് ), ദക്ഷിണ റെയില്‍വേ മസ്ദൂര്‍ യുണിയന്‍ (എസ്ആര്‍എംയു) എന്നീ സംഘടനകള്‍ നടപടിക്കെതിരെ രംഗത്ത് വന്നതോടെ തീരുമാനം മരവിപ്പിച്ചു. ഇപ്പോള്‍ റെയില്‍വേ ബോര്‍ഡ് വീണ്ടും തീരുമാനവുമായി മുന്നോട്ട് പോകുകയാണ്. അടച്ച് പൂട്ടല്‍ സംബന്ധിച്ച് റെയില്‍വേ മേഖലാ അധികാരികള്‍ക്ക് ഉത്തരവ് നല്‍കിക്കഴിഞ്ഞു.
പ്രസിലെ ജീവനക്കാരെ മറ്റ് ജോലികളില്‍ വിന്യസിപ്പിക്കാനും , യന്ത്രങ്ങളും മറ്റ് സാധന സാമഗ്രികളും ലേലം ചെയ്ത് ഒഴിവാക്കാനും നിര്‍ദേശമുണ്ട്. പ്രസ് സ്ഥിതി ചെയ്യുന്ന ഭൂമി ലാഭം കിട്ടുന്ന വിധത്തില്‍ ഉപയോഗിക്കാനും ഉത്തരവില്‍ പറയുന്നു. ഈ ഭൂമി റെയില്‍വേ തന്നെ ഉപയോഗിക്കുമോ, അതോ വില്‍ക്കുമോ എന്ന കാര്യം അധികൃതര്‍ വിശദമാക്കിയിട്ടില്ല.
റിസര്‍വ് ബാങ്ക് അനുമതിയുള്ള സ്വകാര്യ പ്രസുകളില്‍ ടിക്കറ്റ് അച്ചടിക്കാനണ് റെയില്‍വേ തീരുമാനം. എന്നാല്‍ പ്രസുകള്‍ അടച്ച് പൂട്ടാനുള്ള തീരുമാനം തൊഴിലാളികള്‍ അംഗീകരിക്കില്ലെന്ന് എഐആര്‍എഫ് പ്രസിഡന്റ് എന്‍ കണ്ണയ്യ പറഞ്ഞു. റെയില്‍വേയുടെ ദൈനംദിന പ്രവര്‍ത്തനത്തില്‍ പ്രധാന പങ്ക് വഹിച്ചിരുന്ന പ്രിന്റിങ് പ്രസുകള്‍ വരുമാനം വര്‍ധിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു.

eng­lish sum­ma­ry; Rail­way tick­et print­ing for pri­vate sector
you may also like this video;

Exit mobile version