Site icon Janayugom Online

പാതയിരട്ടിപ്പിക്കൽ: റയില്‍വേ പിന്മാറുന്നു

എറണാകുളം — അമ്പലപ്പുഴ പാതയിരട്ടിപ്പിക്കൽ പദ്ധതിയിൽ നേരത്തേയുണ്ടാക്കിയ കരാറിനു വിരുദ്ധമായ നിലപാടുമായി റയിൽവേ. പദ്ധതിക്കാവശ്യമായ ഭൂമി സംസ്ഥാനം ഏറ്റെടുത്തു നൽകുകയും മൊത്തം ചെലവിന്റെ പകുതി വഹിക്കുകയും ചെയ്യണമെന്ന പുതിയ ആവശ്യമാണ് ഇപ്പോൾ റയിൽവേ മുന്നോട്ടുവയ്ക്കുന്നത്.

എറണാകുളം — അമ്പലപ്പുഴ പാതയിരട്ടിപ്പിക്കൽ 2024 മാർച്ചിനു മുമ്പ് പൂർത്തിയാക്കേണ്ട മിഷൻ 2024 — ൽ ഉൾപ്പെടുത്തിയതും ഭൂമി ഏറ്റെടുക്കലിനായി 510 കോടി രൂപ കഴിഞ്ഞ വർഷം ജൂണിൽ റയിൽവേ ബോർഡ് അനുവദിച്ചതു മായ പദ്ധതിയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ നടപടികൾ ഏതാണ്ട് മുന്നോട്ടു പോയിക്കഴിഞ്ഞപ്പോഴാണ്, ഇതുവരെയില്ലാതിരുന്ന പുതിയ ആവശ്യമുന്നയിച്ച് സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കി കിട്ടാവുന്നത് കൈയ്ക്കലാക്കാനുള്ള റയിൽവേയുടെ പുതിയ കുതന്ത്രം.

പദ്ധതിക്കാവശ്യമായ മുഴുവൻ ഭൂമിയും സംസ്ഥാനം ഏറ്റെടുത്തു നൽകുകയും മൊത്തം ചെലവിന്റെ പകുതി വഹിക്കാൻ സന്നദ്ധമാവുകയും ചെയ്തില്ലെങ്കിൽ പദ്ധതിയിൽ നിന്നു പിന്മാറുമെന്നാണ് ഭീഷണി. അതേസമയം, തിരുവനന്തപുരം — കന്യാകുമാരി പാതയിരട്ടിപ്പിക്കലിന്റെ മുഴുവൻ ചെലവും വഹിക്കുന്നത് റയിൽവേ തന്നെയാണ്. ഇതിനു മുമ്പ് അനുമതി ലഭിച്ച പദ്ധതിയാണ് എറണാകുളം — അമ്പലപ്പുഴ പാതയിരട്ടിപ്പിക്കൽ. തീവണ്ടികളുടെ സുഗമമായ ഓട്ടത്തിന് പാത ഇരട്ടിക്കേണ്ടത് റയിൽവേയുടെ ആവശ്യമാണെന്നിരിക്കെ, ഇപ്പോഴത്തെ വാഗ്ദാന ലംഘനം കേരളത്തോടുള്ള പതിവ് അവഗണനയുടെ പുതിയ പതിപ്പാണെന്നാണ് യാത്രക്കാരുടെ സംഘടനകളുടെ കുറ്റപ്പെടുത്തൽ.

10 കൊല്ലം മുമ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റിൽ ഇപ്പോൾ സ്വാഭാവികമായി വന്ന നിസ്സാര വർദ്ധനയാണ് റയിൽവേയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. 10 വർഷത്തിനുള്ളിൽ ഭൂമിവിലയിലുണ്ടായ വ്യത്യാസവും പാതയിലെ പാലങ്ങളുടെ നിർമ്മാണത്തിനും മറ്റും വരുന്ന ചെലവുകൾ അന്നത്തേതിൽ നിന്നു വലിയ തോതിൽ മാറിയതും അംഗീകരിക്കാൻ റയിൽവേ തയ്യാറില്ല.

ഷൊർണൂർ — എറണാകുളം മൂന്നാം പാത 20 വർഷമായി റയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളതും 2018 ‑19 ലെ ബജറ്റിൽ 1000 കോടി രൂപ വകയിരുത്തിയതുമാണ്. എന്നാല്‍ ഈ മൂന്നാം പാത ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലില്ലെന്ന് കഴിഞ്ഞ ദിവസം ലോകസഭയിൽ വകുപ്പുമന്ത്രി വ്യക്തമാക്കിയിരുന്നു.

Eng­lish sum­ma­ry; Rail­way track dou­bling: Rail­ways backtracking

You may also like this video;

Exit mobile version