Site iconSite icon Janayugom Online

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണ ഇടവേളയും ശുചിമുറി സമയവും നല്‍കില്ലെന്ന് റെയില്‍വേ

ജോലിക്കിടെ ആഹാരം കഴിക്കുന്നതിനും ശുചിമുറിയില്‍ പോകുന്നതിനും ഇടവേള വേണമെന്ന ലോക്കോ പൈലറ്റുമാരുടെ ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു. ഇതിനായി നിയമനിര്‍മ്മാണം നടത്തുന്നത് പ്രായോഗികമല്ലെന്ന് റെയില്‍വേ ബോര്‍ഡ് പറഞ്ഞു. പല അപകടങ്ങളുടെയും കാരണം ജീവനക്കാരുടെ പിഴവാണെന്ന ആരോപണം ഉയര്‍ത്തിയാണ് റെയില്‍വേയുടെ മനുഷ്യത്വരഹിത നടപടി. തീരുമാനത്തെ ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ അപലപിച്ചു. യാഥാര്‍ത്ഥ്യ ബോധമില്ലാത്തതും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണ് റെയില്‍വേ ബോര്‍ഡ് ഉന്നയിക്കുന്നതെന്നും ആരോപിച്ചു. ആഹാരം കഴിക്കാതെയും ശുചിമുറിയില്‍ പോകാതെയും ജോലി ചെയ്യുമ്പോള്‍ ലോക്കോ പൈലറ്റുമാര്‍ക്ക് ജാഗ്രതക്കുറവുണ്ടാകുമെന്ന് അസോസിയേഷന്‍ ദേശീയ സംഘാടക സെക്രട്ടറി വി ബാലചന്ദ്രന്‍ പറഞ്ഞു.

ലോക്കോ പൈലറ്റുമാരുടെ കാബിനുകളില്‍ ക്രൂ വോയിസ് ആന്റ് വീഡിയോ റെക്കോര്‍ഡിങ് സംവിധാനം ഒരുക്കുന്നത് സ്വകാര്യതാ ലംഘനമല്ലെന്നും റെയില്‍വേ ന്യായീകരിച്ചു. ക്രൂവിന് സഹായവും പിന്തുണയും നല്‍കുന്നതിനാണ് ഈ സൗകര്യം ഒരുക്കിയതെന്നും വിശദീകരിച്ചു. ഇത് അധിക ജോലി ഭാരം ഉണ്ടാക്കുന്നില്ല, കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ട്രെയിനുകളുടെ സഞ്ചാരം സുരക്ഷിതമാണെന്ന് ഉറപ്പാക്കാനും ഉള്ള ഉപകരണം മാത്രമാണിതെന്ന് സോണല്‍ ജനറല്‍ മാനേജര്‍മാര്‍ക്ക് അയച്ച കത്തില്‍ ബോര്‍ഡ് വ്യക്തമാക്കി. 

അതിവേഗ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിച്ചത് ലോക്കോ പൈലറ്റുമാരുടെ സമ്മര്‍ദം കൂട്ടുമെന്ന കാര്യം വിലയിരുത്തുന്നതില്‍ കമ്മിറ്റി പരാജയപ്പെട്ടെന്ന് ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ കെ സി ജെയിംസ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി-ചെന്നൈ തമിഴ‌്നാട് എക്സ്പ്രസ് വിജയവാഡയില്‍ രാത്രി 11.10ന് എത്തുമ്പോള്‍ കയറുന്ന ക്രൂവിന് പിറ്റേന്ന് രാവിലെ 6.35ന് ചെന്നൈയില്‍ എത്തുന്നതുവരെ ശുചിമുറിയില്‍ പോലും പോകാനാകില്ല. വനിതാ ലോക്കോ പൈലറ്റുമാരുടെ അവസ്ഥ വളരെ ദയനീയമാണ്. യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകളില്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനുകള്‍ അടിയന്തരസാഹചര്യമില്ലെങ്കില്‍ നിര്‍ത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രെയിനുകള്‍ സിഗ്നല്‍ കടന്ന് പോകുന്നത് മൂലമുണ്ടാകുന്ന ട്രെയിന്‍ അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് ശേഷം ലോക്കോ പൈലറ്റുമാരുടെ നീണ്ട ജോലി സമയവും ജോലി സാഹചര്യങ്ങളും അവലോകനം ചെയ്യണമെന്ന് നിരവധി ശുപാര്‍ശകള്‍ ഉണ്ടായിട്ടുണ്ട്. 

Exit mobile version