ട്രെയിന്‍ ടിക്കറ്റുകളില്‍ മുതിര്‍ന്ന പൗരന്മാര്ക്കുള്ള ഇളവുകള്‍ പുനഃസ്ഥാപിക്കില്ലെന്ന് ഇന്ത്യന്‍ റയില്‍വേ.
കോവിഡിന് മുന്‍പ് 58 വയസിന് മുകളിലുള്ള വനിതാ യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനവും 60 വയസിനു മുകളിലുള്ള പുരുഷന്മാര്‍ക്ക് 40 ശതമാനവും ഇളവ് അനുവദിച്ചിരുന്നു. ഗരീബ് രഥ്, ഗതിമാൻ എക്‌സ്‌പ്രസ്, സുവിധ, ഹംസഫർ എന്നീ ട്രെയിനുകള്‍ ഒഴികെയുള്ളവയ്ക്ക് ഇളവുകള്‍ ബാധകമായിരുന്നു. പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി നൽകിയ ശുപാർശകളുടെ തല്‍സ്ഥിതി വിവരങ്ങള്‍ക്കായുള്ള വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് ഇളവുകള്‍ പുനഃസ്ഥാപിക്കില്ലെന്ന് റയില്‍വേ അറിയിച്ചത്.
കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് മാസങ്ങള്‍ക്കു ശേഷവും ടിക്കറ്റ് ഇളവുകള്‍ പുനഃസ്ഥാപിക്കാത്തതില്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മുതിര്‍ന്ന പൗരന്മാര്ക്കുള്ള ഇളവുകള്‍ പുനഃസ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്നാണ് റയില്‍വേ മന്ത്രി അശ്വിനി വെെഷ്ണവ് പാര്‍ലമെന്റിനെ അറിയിച്ചത്. ടിക്കറ്റ് നിരക്കിലെ ഇളവുകള്‍ വരുമാന നഷ്ടമാണെന്നാണ് റയില്‍വേയുടെയും മറുപടി.
പാസഞ്ചര്‍ ട്രെയിനുകളിലെ ടിക്കറ്റ് ഇളവുകള്‍ കാരണം പ്രതിവര്‍ഷം 1,800 കോടി നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് റയില്‍വേയുടെ കണക്ക്. ഇളവുകള്‍ ഒഴിവാക്കിയ 2020–21 കാലയളവില്‍ ഇത് 38 കോടിയായി കുറഞ്ഞുവെന്നും റയില്‍വേ വാദിക്കുന്നു. 2015നും 2018 നും ഇടയില്‍ യാത്ര ചെയ്ത മുതിര്‍ന്ന പൗരന്മാരില്‍ 65 ശതമാനത്തിലധികം പേരും സ്ലീപ്പര്‍ ക്ലാസുകളോ നോണ്‍ എസി കോച്ചുകളോ ആണ് തിരഞ്ഞെടുത്തതെന്ന് റയില്‍വേ സമ്മതിക്കുന്നുണ്ട്. ഇളവുകളുടെ പ്രയോജനം ലഭിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ ഇടത്തരക്കാരോ പാര്‍ശ്വവല്‍ക്കരിക്കുപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ളവരോ ആണെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാണ്.
മുതിര്‍ന്ന പൗരന്മാരുടെ ഇളവുകള്‍ ഒഴിവാക്കിയതിന് പിന്നാലെ റയില്‍വേയുടെ വരുമാന വിശദാംശങ്ങളും വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. 2020 ഏപ്രിലിനും 2022 സെപ്റ്റംബറിനുമിടയിൽ 6.8 കോടി പുരുഷന്മാരും 4.54 കോടിയും സ്ത്രീകളും ഉൾപ്പെടെ മുതിർന്ന പൗരന്മാർക്ക് 11.3 കോടി ടിക്കറ്റുകൾ വിറ്റതിലൂടെ 5,808.85 കോടി രൂപ ലഭിച്ചുവെന്നാണ് റയില്‍വേയുടെ മറുപടി. പുരുഷന്മാരിൽ നിന്ന് 3,434 കോടി രൂപയും സ്ത്രീ യാത്രക്കാരിൽ നിന്ന് 2,373 കോടി രൂപയുമാണ് നേടിയത്. മുതിർന്ന പൗരൻമാരുടെ ഇളവുകൾ ഒഴിവാക്കിയതിലൂടെ പുരുഷന്മാരിൽ നിന്ന് 1,300 കോടി രൂപയും മുതിർന്ന സ്ത്രീകളിൽ നിന്ന് 1,200 കോടി രൂപയും ലാഭമുണ്ടായതായി റയില്‍വേ പറയുന്നു. സ്ലീപ്പര്‍, ത്രീ ടെയര്‍ എസി കോച്ചുകളിലെ മുതിര്‍ന്ന യാത്രക്കാരുടെ ടിക്കറ്റ് ഇളവ് പുനഃസ്ഥാപിക്കണമെന്ന് റയില്‍വേ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. യാത്രകള്‍ സാധാരണനിലയിലേക്ക് നീങ്ങുന്നതിനാല്‍ യാത്രക്കാര്‍ക്ക് അനുവദിച്ച ഇളവുകള്‍ വിവേകത്തോടെ പുനഃപരിശോധിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു.
English Summary : Railways will not restore concessions for senior citizens
You may also like this video