യുഎഇയിൽ അടുത്ത ദിവസങ്ങളിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ താപനില നാലു ഡിഗ്രിവരെ താഴുമെന്ന് അറിയിച്ചു. മലയോര മേഖലകളിൽ കനത്ത തണുപ്പ് അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. രാത്രികാലങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നും കേന്ദ്രം അറിയിച്ചു.
പകൽസമയത്ത് അബുദാബിയിൽ പരമാവധി 22 ഡിഗ്രിയും ദുബായിലും ഷാർജയിലും 24 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. എന്നാൽ, രാത്രിയിൽ ഷാർജയിൽ 13 ഡിഗ്രിയിലേക്കും അബുദാബിയിൽ 14 ഡിഗ്രിയിലേക്കും ദുബായിയിൽ 15 ഡിഗ്രിയിലേക്കും താപനില താഴാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു.
രാജ്യത്ത് പൊതുവെ മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെങ്കിലും ദ്വീപുകളിലും പടിഞ്ഞാറൻ മേഖലകളിലും താഴ്‌ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പടിഞ്ഞാറൻ തീരദേശ മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലുമുള്ളവർക്ക് ഈർപ്പമുള്ള രാത്രികാലാവസ്ഥയും ചൊവ്വ രാവിലെ മൂടൽമഞ്ഞും അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതേസമയം, അറബിക്കടലിലും ഒമാൻ കടലിലും ശക്തമായ കാറ്റ് വീശുന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചില പ്രദേശങ്ങളിൽ തിരമാലകൾ ആറടിവരെ ഉയരാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

