Site iconSite icon Janayugom Online

സംസ്ഥാനത്ത് മഴ ശക്തമാകും; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും. തമിഴ്നാട്ടിൽ കര തൊട്ട മാൻഡസ് ചുഴലിക്കാറ്റ് ദുർബലമായി ചക്രവാത ചുഴിയായി മാറിയതാണ് ഇതിന് കാരണം. നാളെ വരെ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഈ ജില്ലകളിലുള്ളത്.

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ നാളെയും മഴ മുന്നറിയിപ്പുണ്ട്. ചക്രവാതചുഴി വടക്കന്‍ കേരള കര്‍ണാടക തീരം വഴി തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിച്ച് ഡിസംബര്‍ 13 ഓടെ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ച് ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകാനാണ് സാധ്യത. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 13 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Exit mobile version