Site iconSite icon Janayugom Online

മഴക്കെടുതി: 178 ദുരിതാശ്വാസ ക്യാമ്പുകൾ

മഴക്കെടുതി രൂക്ഷമായതിനെത്തുടർന്ന് സംസ്ഥാനത്ത് ഇതുവരെ 5220 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. 178 ദുരിതാശ്വാസ ക്യാമ്പുകൾ ഇതിനായി തുറന്നു. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്നലെ മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് മഴക്കെടുതിയിൽ ആകെ 15 ജീവനുകളാണ് ഇതുവരെ നഷ്ടപ്പെട്ടിട്ടുള്ളത്.
മഴയുടെ ശക്തി കുറഞ്ഞതോടെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. നിലവില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. അതിശക്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ മറ്റെല്ലായിടത്തും ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലര്‍ട്ടാണ്.
നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. അടുത്ത മൂന്നു ദിവസം മഴ തുടരാനാണ് സാധ്യത. എന്നാല്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല. മഴ കുറയുന്നെങ്കിലും ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തുടര്‍ച്ചയായി മഴ ലഭിച്ച മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും മലവെള്ള പാച്ചിലിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

തൃശൂര്‍ പുതുക്കാട് ഉഴിഞ്ഞാൽപാടത്തെ വെള്ളക്കെട്ടിൽ മീൻപിടിക്കാനിറങ്ങിയ മധ്യവയസ്കൻ മുങ്ങി മരിച്ചു. കണ്ണമ്പത്തൂർ പുത്തൻപുരക്കൽ വർഗീസിന്റെ മകൻ ബാബുവാണ് (53) മരിച്ചത്.
മഴക്കെടുതിയില്‍ കോട്ടയം ജില്ലയില്‍ മരണം നാലായി. അഞ്ചംഗ സുഹൃദ് സംഘത്തോടൊപ്പം മണര്‍കാട്ട് കുളിക്കാനിറങ്ങിയ മണർകാട് സെന്റ് മേരീസ് സ്കൂളിലെ കൊമേഴ്സ് അധ്യാപകൻ ബെന്നിയുടെ മകൻ അമൽ (16), വൈക്കം തലയാഴത്ത് കുളിക്കാനിറങ്ങിയ ഇണ്ടംതുരുത്ത് ലക്ഷം വീട് കോളനി ദാസൻ (75 ) എന്നിവരാണ് ഇന്നലെ മരിച്ചത്.
കാസര്‍കോട് ചുള്ളി ഉള്‍വനത്തില്‍ ഉരുൾപൊട്ടി ബളാല്‍ പഞ്ചായത്തിലെ രണ്ട് വീടുകള്‍ തകര്‍ന്നു. ചുള്ളി സിവി കോളനി ഒറ്റപ്പെട്ടു. 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തോട്ടിൽ കാൽവഴുതി വീണ് ഒഴുക്കില്‍പ്പെട്ട റിട്ട.അധ്യാപിക ലതയെ(57) കാണാതായി.
മൂന്നു വീടുകൾ കൂടി ഇന്നലെ പൂർണമായും 72 വീടുകൾ ഭാഗികമായും തകർന്നു. ഇതോടെ സംസ്ഥാനത്തു പൂർണമായി തകർന്ന വീടുകളുടെ എണ്ണം 30 ആയി. 198 വീടുകൾക്കു ഭാഗിക നാശനഷ്ടവുമുണ്ടായി. 

ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ട് തുടരുന്നു. ലോവർ പെരിയാർ (ഇടുക്കി),കല്ലാർകുട്ടി(ഇടുക്കി), പൊന്മുടി(ഇടുക്കി),ഇരട്ടയാർ (ഇടുക്കി), കുണ്ടള (ഇടുക്കി), മൂഴിയാർ(പത്തനംതിട്ട) എന്നിവയിൽ റെഡ് അലർട്ട് പ്രഖ്യപിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ടും പ്രഖ്യാപിച്ചു.
കേന്ദ്ര ജല കമ്മിഷന്റെ മുന്നറിയിപ്പ് പ്രകാരം, നെയ്യാർ, മണിമല, കരമന, ഗായത്രി, അച്ചൻകോവിൽ, തൊടുപുഴ, മീനച്ചിൽ, പമ്പ എന്നീ നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടര്‍മാർ അവധി പ്രഖ്യാപിച്ചു.
കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. 

Exit mobile version