Site iconSite icon Janayugom Online

അസമില്‍ മഴ തുടരുന്നു; നാല് ലക്ഷം പേരെ ബാധിച്ചു

അസമില്‍ ദിവസങ്ങളായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടങ്ങള്‍. എട്ട് പേര്‍ മരിച്ചു. നിരവധിപ്പേരെ കാണാതായി. ഏകദേശം നാല് ലക്ഷത്തിലധികം പേരെ കാലാവസ്ഥാ ദുരന്തം ബാധിച്ചതായാണ് കണക്ക്. അസമില്‍ നിന്നുള്ള ഗതാഗത സംവിധാനങ്ങള്‍ താറുമാറായതോടെ ത്രിപുര, മിസോറാം സംസ്ഥാനങ്ങളില്‍ പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് ഉള്‍പ്പെടെ റേഷന്‍ ഏര്‍പ്പെടുത്തി.

കചാര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സൈന്യത്തിന്റെയും അസാം റിഫിള്‍സിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഉഡല്‍ഗുരി ജില്ലയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടെ കണ്ടെടുത്തതോടെയാണ് മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തുറന്ന 89 ദുരിതാശ്വാസ ക്യാമ്പുകളില്‍ 40,000 പേരാണ് അഭയം തേടിയിരിക്കുന്നത്.

ത്രിപുരയിലേക്കും മിസോറാമിലേക്കുമുള്ള ഇന്ധനം, മറ്റ് അവശ്യ സാധനങ്ങള്‍ തുടങ്ങിയവ ട്രെയിന്‍ മാര്‍ഗമാണ് എത്തിക്കുന്നത്. റയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറുകയും ഗതാഗതം താറുമാറാകുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇതോടെയാണ് പെട്രോളിയം ഉല്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് റേഷന്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് തീരുമാനിച്ചത്.

Eng­lish summary;Rains con­tin­ue in Assam; Four lakh peo­ple were affected
You may also like this video;

Exit mobile version