രാജ്യത്തെ വേനല്‍ കൃഷിക്ക് കനത്ത മഴ വെല്ലുവിളിയാകുമെന്ന് മുന്നറിയിപ്പ്. ഈ മാസം ശരാശരിയിലധികം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇത് വേനല്‍ക്കാല വിളകളായ നെല്ല്, ഗോതമ്പ് ഉള്‍പ്പെടെയുള്ളവയുടെ കൃഷിയെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ മാസം 115 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. ഒക്ടോബര്‍ മാസത്തില്‍ അധികമഴ ലഭിക്കുന്നത് അരി, പയറുവര്‍ഗങ്ങള്‍, പരുത്തി, സോയാബീന്‍ എന്നീ കൃഷികളെ നശിപ്പിക്കും. കൂടാതെ ഗോതമ്പ് നടീലില്‍ കാലതാമസമുണ്ടാക്കുകയും ചെയ്യും.
ജൂണ്‍ ‑സെപ്റ്റംബര്‍ മണ്‍സൂണ്‍ സീസണിലെ ആദ്യപകുതിയില്‍ ഉത്തരേന്ത്യയില്‍ മഴകുറഞ്ഞത് നെല്‍കൃഷിയെ ഗുരുതരമായി ബാധിച്ചിരുന്നു. ആവശ്യകത ഉയര്‍ന്നതും ഉല്പാദനം കുറഞ്ഞതും അരി കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കി.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ താപനില ക്രമാതീതമായി ഉയര്‍ന്നതിരെ തുടര്‍ന്ന് ഗോതമ്പ് കയറ്റുമതി നിരോധിച്ചതിന് പിന്നാലെയായിരുന്നു ഈ നടപടി. ബിഹാർ, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മൺസൂൺ മഴ കുറവായിരുന്നുവെങ്കിലും നെല്ല് ഉല്പാദിപ്പിക്കുന്ന ചില പ്രധാന സംസ്ഥാനങ്ങളിൽ വേനൽമഴ ശരാശരിയേക്കാൾ ആറ് ശതമാനം കൂടുതലായിരുന്നു.
മണ്‍സൂണ്‍ മഴയില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടായത് രാജ്യത്തെ ഭക്ഷ്യോല്പാദനത്തില്‍ വന്‍ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്. സീസണിന്റെ അവസാന സമയത്തും മഴ കൂടുതല്‍ ശക്തമാകുകയും നീണ്ടു നില്‍ക്കുകയും ചെയ്യുന്നു.
അമിതമായ മഴ വിളകൾക്ക്, പ്രത്യേകിച്ച് യുപി, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ നെല്‍കൃഷിയെ നശിപ്പിക്കുന്നുവെന്ന് കാര്‍ഷിക വിദഗ്ധര്‍ പറയുന്നു.
നെല്ല് വിളവെടുത്ത് ആഴ്ചകള്‍ക്കു ശേഷം ഒക്ടോബറിലാണ് ദശലക്ഷക്കണക്കിന് കർഷകർ ഗോതമ്പ് നടീല്‍ തുടങ്ങുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഗോതമ്പ് വിളവെടുപ്പ്. രാജ്യത്തിന്റെ പകുതിയോളം കൃഷിയിടങ്ങളിലും ജലസേചനമില്ലാത്തതിനാല്‍ ഇന്ത്യയുടെ കാർഷിക‑ആശ്രിത സമ്പദ്‌വ്യവസ്ഥയ്ക്ക് മണ്‍സൂണ്‍ മഴ നിർണായകമാണ്. രാജ്യത്തിന്റെ ഏകദേശം മൂന്ന് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയുടെ 15 ശതമാനവും കൃഷിയാണ്.
English summary;Rains continue in North Indian states
you may also like this video: