കനത്ത മഴ തുടരുന്ന ഉത്തരേന്ത്യയിൽ മരണം 80 കടന്നു. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ചണ്ഡീഗഢ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളില്‍ ഈ മാസം എട്ട് മുതൽ ശക്തമായ മഴയാണ് പെയ്യുന്നത്. ഇന്ന് മുതല്‍ മഴയുടെ ശക്തി കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ഹിമാചലിൽ കനത്ത നാശനഷ്ടമുണ്ടായി. സംസ്ഥാനത്ത് 20 പേര്‍ മരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ജമ്മു കശ്മീരിൽ 15 പേരും ഡൽഹിയിൽ അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഉത്തർപ്രദേശിൽ മാത്രം 42 പേർ മഴക്കെടുതിയിൽ മരിച്ചതായാണ് കണക്കുകള്‍.
ഹിമാചല്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലായി നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ സൈന്യം നടത്തിവരുകയാണ്.
ഹിമാചലില്‍ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. മാണ്ഡിയിൽ മിന്നൽ പ്രളയ മുന്നറിയിപ്പുണ്ട്. ഡൽഹി യമുനാ നദിയിലെ ജലനിരപ്പ് അപകടനില കടന്നു. മണ്ണിടിച്ചിലിലും പ്രളയത്തിലും ഹിമാചൽപ്രദേശിൽ മാത്രം 4,000 കോടിയുടെ നാശനഷ്ടം ഉണ്ടായി. ദേശീയപാതകൾ തകർന്നു. പ്രധാന റോഡുകളെല്ലാം ഒലിച്ചുപോയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
English Summary: Rains in North India: Death toll crosses 80
You may also like this video