Site iconSite icon Janayugom Online

മഴക്കെടുതി; ഏഴ് ഡാമുകളിൽ റെഡ് അലർട്ട്

കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കുണ്ടള, മൂഴിയാർ, പെരിങ്ങൽകുത്തി എന്നീ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്.

മീങ്കര ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ മീങ്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കാൻ സാധ്യത ഉണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഗായത്രിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 155.66 മീറ്ററാണ്. പരമാവധി സംഭരണശേഷി 156.36 മീറ്ററാണ്.

പാലക്കാട് ജില്ലയിൽ രണ്ട് ഡാമുകൾ ഇന്ന് തുറക്കും. പോത്തുണ്ടി, കാഞ്ഞിരപ്പുഴ ഡാമുകളുടെ സ്പിൽവേ ഷട്ടറുകൾ ആണ് 12 മണിയോടെ തുറക്കുക. പോത്തുണ്ടിപ്പുഴ„ കുന്തിപ്പുഴയുടെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം. കാഞ്ഞിരപ്പുഴ ഡാമിൻ്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 35 സെന്റീമീറ്റർ വിതം ഉയർത്തും. ഡാമിലേക്ക് നീരോഴുക്ക് കൂടിയ സാഹചര്യത്തിൽ ജലനിറപ്പ് ക്രമീകരിക്കാൻ ആണ് നടപടി.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിതീവ്രമഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്.

മറ്റ് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Eng­lish summary;rainstorm Red alert on sev­en dams

You may also like this video;

Exit mobile version