Site iconSite icon Janayugom Online

നോട്ട് നിരോധനം സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് രാജ് കുന്ദ്ര

നോട്ട് നിരോധനം മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വായ്പ തിരിച്ചടയ്ക്കാന്‍ തടസമായതെന്ന് ബോളിവുഡ്താരം ശില്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര. 60 കോടിയുടെ തട്ടിപ്പ് കേസില്‍ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തല്‍.
ഇലക്ട്രിക്കല്‍-ഗൃഹോപകരണങ്ങളുടെ ബിസിനസായിരുന്നു താന്‍ നടത്തിയിരുന്നത്.

എന്നാല്‍ 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധിച്ചത് ബിസിനസിനെ തകര്‍ത്തുവെന്ന് കുന്ദ്ര അന്വേഷണ സംഘത്തോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കാരണം പണം തിരിച്ചടയ്ക്കാന്‍ സാധിച്ചില്ല. കേസില്‍ കുന്ദ്രയെ രണ്ട് തവണയാണ് ചോദ്യം ചെയ്തത്. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഈ മാസം നാലിന് ശില്പ ഷെട്ടിയെ അവരുടെ വസതിയില്‍ വച്ച് നാല് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

വ്യവസായി ദീപക് കോത്താരിയുടെ പരാതിയിലാണ് ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരായിരുന്ന രാജ് കുന്ദ്രയ്ക്കും ശില്പ ഷെട്ടിക്കുമെതിരെ പൊലീസ് കേസെടുത്തത്. 2015നും 2023നും ഇടയില്‍ കമ്പനിയില്‍ 60 കോടി രൂപ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചുവെന്നും പിന്നീട് പണം അവരുടെ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നുമാണ് ആരോപണം.

തങ്ങള്‍ക്കെതിരെ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ് കുന്ദ്രയും ശില്പ ഷെട്ടിയും ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജോലി ആവശ്യങ്ങള്‍ക്ക് രാജ്യം വിട്ട് പുറത്തുപോകാന്‍ കഴിയുന്നില്ലെന്ന് കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ 60 കോടി കെട്ടിവച്ച ശേഷം ഹര്‍ജി പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. വിഷയത്തില്‍ ഈ മാസം 14ന് വീണ്ടും വാദം കേള്‍ക്കും.

Exit mobile version