Site iconSite icon Janayugom Online

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിനെ രൂക്ഷമായി വിമര്‍ശിച്ച് രാജ് മോഹന്‍ ഉണ്ണിത്താന്‍

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി. കോണ്‍ഗ്രസില്‍ നിന്നു പാര്‍ട്ടിക്കെതിരെ സംസാരിക്കുന്ന പുഴുക്കുത്തുകള്‍ ഡിജിറ്റല്‍ മീഡിയ ടീമിലുണ്ടെന്നും അവര്‍ വൈകാതെ പുറത്താകുമെന്നും ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു. ഡിജിറ്റൽ മീഡിയയെ ഏതാനും ദിവസങ്ങൾക്കുള്ളിൽ പാർടിയുടെ നിയന്ത്രണത്തിലാക്കും. പുറത്തുപോകുന്നവരാണ് കോൺ​ഗ്രസിനുള്ളിൽനിന്ന് വാർത്തകൾ കൊടുക്കുന്നതെന്ന് മനസിലാകുമെന്നും ഉണ്ണിത്താൻ പറഞ്ഞു. 

കഴിഞ്ഞ കുറച്ചുനാളായി പാർടിക്ക് യാതൊരു നിയന്തണവുമില്ലാത്ത രീതിയിൽ പ്രവർത്തിക്കുകയായിരുന്നു ഡിജിറ്റൽ മീഡിയ വിഭാ​ഗം. കോൺ​ഗ്രസ് നേതാക്കളെടുക്കുന്ന നിലപാടിനെ റീൽസ് കൊണ്ടും സോഷ്യൽ മീഡിയകൊണ്ടും തോൽപ്പിക്കാമെന്നുള്ളത് വ്യാമോഹം മാത്രമാണ്. ആ പരിപ്പ് വേവില്ല. കോൺ​ഗ്രസിനും യുഡിഎഫിനും പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് സൈബർ വിങിന്റെ ജോലി. പക്ഷേ കേരളത്തിലെ കോൺ​ഗ്രസിന്റെ സൈബർ സേന അനഭലഷണീയമായ പ്രവണതകൾ വെച്ചുപുലർത്തുകയാണ്. അത് ​ഗൗരവതരമാണെന്നും ഉണ്ണിത്താൻ പറഞ്ഞു. അതേസമയം, കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചെയര്‍മാനെ ചൊല്ലി കോൺഗ്രസിൽ അടിതുടങ്ങി. 

ഡിജിറ്റൽ മീഡിയ ടീം കോൺഗ്രസിനായി പ്രവർത്തിക്കുന്നതായി അറിയില്ലെന്നാണ്‌ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പറഞ്ഞത്‌. എന്നാൽ, പ്രതിപക്ഷ നേതാവ്‌ പറഞ്ഞതല്ല വസ്തുതയെന്ന്‌ വ്യക്തമാക്കി വി ടി ബൽറാമും കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫും രംഗത്തുവന്നു. 

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചെയര്‍മാൻ ഇപ്പോഴും വി ടി ബല്‍റാം തന്നെയെന്ന് വ്യക്തത വരുത്തി കെപിസിസി അധ്യക്ഷന്‍ അഡ്വ സണ്ണി ജോസഫ് പ്രസ്താവനയിറക്കി. വിവാദമായ ബീഡി’ പോസ്റ്റിന്റെപേരിൽ വി ടി ബല്‍റാം രാജിവെക്കുകയോ പാര്‍ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. 

ചുമതലകളൊന്നും ഒഴിഞ്ഞിട്ടില്ലെന്നും വിവാദ എക്‌സ്‌ പോസ്‌റ്റ്‌ താൻ അല്ല തയ്യാറാക്കിയതെന്നും ചൂണ്ടിക്കാട്ടി ബൽറാം ഫേസ്‌ബുക്കിൽ കുറിപ്പിട്ടു. എക്സിൽ പോസ്റ്റുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് പ്രൊഫഷണലുകളാണ്. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ തയ്യാറാക്കാനാണ്‌ തനിക്ക്‌ ചുമതല. ബിഹാർ പോസ്‌റ്റ്‌ കണ്ടയുടൻ നീക്കാൻ ആവശ്യപ്പെട്ടിരുന്നു. മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്ത്‌ അത്‌ തന്റെ തലയിലിട്ടു. സമൂഹമാധ്യമങ്ങളുടെ ചുമതല തനിക്കുതന്നെയാണെന്നും വി ടി ബൽറാം പറഞ്ഞു.

Exit mobile version