Site iconSite icon Janayugom Online

പഞ്ചാബിനു പിന്നാലെ രാജസ്ഥാനിലും; സച്ചിന്‍പൈലറ്റിനായി രാഹുലും പ്രിയങ്കയും രംഗത്ത്

പഞ്ചാബിനു പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസില്‍ അധികാരമാറ്റത്തിനുള്ള സൂചനകള്‍. രാജസ്ഥാന്‍ മന്ത്രിസഭയില്‍ സച്ചിന്‍ പൈലറ്റ് പക്ഷത്തുനിന്നുള്ള എം.എല്‍.എമാരെ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് സമര്‍ദ്ദമേറുന്നതായി റിപ്പോര്‍ട്ട്.മന്ത്രിസഭ പുനഃസംഘടന നടത്തുമ്പോള്‍ തന്റെ പക്ഷത്തുനിന്നുള്ള എം.എല്‍.എമാരെ ഉള്‍പ്പെടുത്തണമെന്ന് സച്ചിന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗെലോട്ട് ഈ ആവശ്യത്തോട് മുഖം തിരിച്ചിരിക്കുകയാണ്.പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ യോഗം നടന്നതായാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വെച്ച് നടന്ന യോഗത്തില്‍ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, അജയ് മാക്കന്‍ എന്നിവര്‍ പങ്കെടുത്തതതായാണ് വിവരം. രാഹുല്‍ ഗാന്ധി യോഗത്തില്‍ ഉണ്ടായിരുന്നില്ല.എത്രയും പെട്ടെന്ന് രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. സച്ചിന്‍ പൈലറ്റിന്റെ ആവശ്യം അംഗീകരിക്കണമെന്നാണ് നേതൃത്വം പറയുന്നത്.2023 ലാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി മുഖമായി അവതരിപ്പിക്കാനുള്ള നീക്കവും ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ട്.ഗെലോട്ടുമായി തെറ്റിപ്പിരിഞ്ഞ് സച്ചിനും എം.എല്‍.എമാരും പാര്‍ട്ടി വിട്ടുപുറത്തുപോയിരുന്നു. എന്നാല്‍, ഗെലോട്ടിന്റെ എതിര്‍പ്പ് മറികടന്ന് പ്രിയങ്കയും രാഹുലും സച്ചിനെ തിരികെ എത്തിച്ചു.രാജസ്ഥാനില്‍ അടിയന്തര മാറ്റത്തിന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരിക്കുകയാണ്.എത്രയും വേഗത്തില്‍ മന്ത്രിസഭാ പുനസംഘടന നടത്തണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം.
കോണ്‍ഗ്രസിന് നിലവില്‍ രാജസ്ഥാനില്‍ തുടര്‍ ഭരണത്തിനുള്ള സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അതില്ലാതാക്കേണ്ടതില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. സച്ചിന്‍ കൂടി മന്ത്രിസഭയിലെത്തിയാല്‍ കോണ്‍ഗ്രസിന്റെ കരുത്ത് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ഭാവിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാനുള്ള സച്ചിന്റെ ആഗ്രഹത്തിന് എല്ലാവിധ പിന്തുണയും പ്രിയങ്ക നല്‍കുന്നുണ്ട്. എന്നാല്‍ ഗെലോട്ട് തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകള്‍ ജയിക്കുന്നതോടെ സച്ചിന് തിരിച്ചുവരാനുള്ള സാധ്യത കുറയുകയായിരുന്നു. നിലവില്‍ ഇന്ധന വില കുറച്ചതോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസിനുള്ള സാധ്യതകള്‍ വര്‍ധിച്ചിരിക്കുകയാണ്. കോര്‍പ്പറേഷനുകളിലേക്കുള്ള നിയമനങ്ങളും യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ഒരുവര്‍ഷത്തോളം ഇത് വൈകിക്കുന്നത് ഗെലോട്ടാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കൊണ്ടുവന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല പ്രകാരമാണ് സച്ചിനെയും അടുപ്പമുള്ളവരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത്. കോണ്‍ഗ്രസിനെ ഇന്ന് കാണുന്ന ശക്തമായ നിലയിലേക്ക് എത്തിച്ചത് പൈലറ്റാണെന്ന് രാഹുല്‍ കരുതുന്നുണ്ട്. നേരത്തെ അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി പദവും നല്‍കിയിരുന്നു. അതേസമയം ഗെലോട്ടിനൊപ്പം ബിഎസ്പിയുടെ എംഎല്‍എമാര്‍ അടക്കം മന്ത്രിപദം കിട്ടാനായി കാത്തിരിക്കുകയാണ്. ഇവരില്ലാതെ സച്ചിന്റെ വെല്ലുവിളി മറികടക്കാന്‍ ഗെലോട്ടിന് സാധിക്കില്ല.ഈ ആറ് പേര്‍ പിന്തുണ പിന്‍വലിച്ചാല്‍ അതോടെ ഗെലോട്ട് പ്രതിരോധത്തിലാവും. പിന്നെ സച്ചിന് എളുപ്പത്തില്‍ വിലപേശല്‍ നടത്താം. എന്നാല്‍ ആ റിസ്‌ക് എടുക്കേണ്ടെന്നാണ് ഗെലോട്ട് തീരുമാനിച്ചിരിക്കുന്നത്.
സച്ചിന്‍ പക്ഷത്തുള്ള നിരവധി നേതാക്കളെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് ഗെലോട്ട് പക്ഷം. അതിലൂടെ സച്ചിന്റെ ഭീഷണി അവസാനിപ്പിക്കാന്‍ സാധിക്കും. ഗെലോട്ടിന് മകന്‍ വൈഭവ് ഗെലോട്ടിനെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹമുണ്ട്. സച്ചിനെ കടത്തിവെട്ടാനുള്ള ശ്രമം അതും കൂടി മുന്നില്‍ കണ്ടുള്ളതാണ്. എന്നാല്‍ വൈഭവ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ ഗെലോട്ടിന് വന്‍ തിരിച്ചടിയാണ് ഉണ്ടായത്. പഞ്ചാബില്‍ നവജ്യോത് സിദ്ധുവിനുവേണ്ടി അമരീന്ദര്‍സിംഗിനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നും മാറ്റിയ കോണ്‍ഗ്രസ് പ‌ഞ്ചാബില്‍ വലിയവെല്ലുവിളിയാണ് നേരിടുന്നത്. അതുപോലെ ഗഹലോട്ടിനെ മാറ്റി സച്ചിന്‍പൈലറ്റിനെ കൊണ്ടുവന്നാല്‍ പഞ്ചാബിനു സമാനമായ സാഹചര്യമാണ് രാജസ്ഥാനിലും ഉണ്ടാകുവാന്‍ പോകുന്നതെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. 23ജി നേതാക്കള്‍ നലവിലുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ പോക്കിനോട് ഏറെ എതിര്‍പ്പാണുള്ളത്. ഒന്നുകില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്ക് എന്നാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.. എന്നാല്‍ അദ്ദേഹം പിന്‍സീറ്റ് ഡ്രൈവിംഗ് നടത്തുന്നതിലും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ അമര്‍ഷമാണുള്ളത്.

Eng­lish Sum­ma­ry: Rajasthan after Pun­jab; Rahul and Priyan­ka on stage for Sachin Pilot

You may like this video also

Exit mobile version