Site iconSite icon Janayugom Online

രാജസ്ഥാനില്‍ ഇന്ന് വിധിയെഴുത്ത്  ; അഞ്ചു കോടി 25 ലക്ഷം  വോട്ടര്‍മാര്‍ 

രാജസ്ഥാന്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 200ല്‍ 199 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് ശ്രീകരണ്‍പൂരിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.  രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. അഞ്ചു കോടി 25 ലക്ഷത്തിലേറെ വോട്ടര്‍മാരാണ് സംസ്ഥാനത്ത് ഉള്ളത്. 51,756 പോളിങ് ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
ചൂടേറിയ സംസ്ഥാനത്ത് അധികാരം നിലനിര്‍ത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. വീണ്ടും അവസരം നല്‍കാന്‍ വോട്ടര്‍മാര്‍ തീരുമാനിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അവര്‍ ബിജെപിയുടെ പൊള്ളയായ വാഗ്ദാനങ്ങളില്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണം തിരിച്ചുപിടിക്കാമെന്ന ബിജെപി മോഹത്തിന് പ്രധാന വെല്ലുവിളി തീര്‍ക്കുന്നത് വിമതരുടെ സാന്നിധ്യമാണ്. 25 ഓളം മുന്‍ നേതാക്കള്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. വിമതരെ അനുനയിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ തീവ്ര ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇവയൊന്നും വിജയം കണ്ടില്ല.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മിസോറം, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ പോളിങ് നേരത്തെ നടന്നിരുന്നു. 30ന് നടക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പോടെ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ പൂര്‍ത്തിയാകും.
Eng­lish Sum­ma­ry: Rajasthan Assem­bly Elections
You may also like this video
Exit mobile version