Site icon Janayugom Online

ശൈശവ വിവാഹം: വിവാദ ബില്ല് പിൻവലിച്ച് രാജസ്ഥാൻ

രാജസ്ഥാൻ സർക്കാർ പാസാക്കിയ ശെെശവ വിവാഹം രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കുന്ന ബില്ല് പിൻവലിച്ചു. അന്താരാഷ്ട്ര പെൺകുട്ടികളുടെ ദിനമായ കഴിഞ്ഞ ദിവസമാണ് പിന്‍വലിക്കുന്നതായി കാണിച്ചുള്ള ഉത്തരവ് രാജസ്ഥാൻ സർക്കാർ പുറത്തിറക്കിയത്. വിവാദ ബില്ലിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ബിൽ പിൻവലിക്കാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 17നാണ്​ രാജസ്ഥാൻ നിയമസഭ നിർബന്ധിത രജിസ്ട്രേഷൻ ഭേദഗതി ബിൽ‑2021 പാസാക്കിയത്​. 2009 ലെ രാജസ്ഥാൻ നിർബന്ധിത വിവാഹ രജിസ്ട്രേഷൻ ആക്​ട്​ ഭേദഗതി ചെയ്​താണ് പുതിയ നിയമം കൊണ്ടുവന്നത്​. എന്നാൽ ഇതുവരെ നിയമം പ്രാബല്യത്തിൽ വന്നിരുന്നില്ല.

പുതിയ നിയമത്തിലെ സെക്ഷൻ എട്ട്​ അനുസരിച്ച്, വധൂവരന്മാർക്ക് 30 ദിവസത്തിൽ കൂടുതൽ താമസിക്കുന്ന സ്ഥലത്തെ വിവാഹ രജിസ്ട്രേഷൻ ഓഫീസർക്ക് വിവാഹ രജിസ്ട്രേഷനായി അപേക്ഷിക്കാമായിരുന്നു. 21 വയസിൽ താഴെയുള്ള വരനും 18 വയസിൽ താഴെയുള്ള വധുവും തമ്മിൽ വിവാഹം കഴിച്ചാൽ 30 ദിവസത്തിനകം അടുത്ത ബന്ധുക്കളോ രക്ഷകർത്താവോ രജിസ്​ട്രേഷൻ നിർവ്വഹിക്കണമെന്ന്​ നിയമത്തിൽ പറഞ്ഞിരുന്നു.

എന്നാൽ ഈ നിയമം ശൈശവ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വ്യാപകമായി വിമർശനങ്ങള്‍ ഉയര്‍ന്നിരുന്ന്നു. ഒരു എൻജിഒ നിയമ​ഭേദഗതിക്കെതിരെ രാജസ്ഥാൻ ഹൈക്കോടതിയിൽ ഹർജിയും നൽകി. പ്രതിപക്ഷമായ ബിജെപിയുടെ പ്രതിഷേധങ്ങൾക്കും ബഹളങ്ങൾക്കും ഇടയിൽ സെപ്​റ്റംബർ 17നാണ്​ ബിൽ രാജസ്​ഥാൻ നിയമസഭ പാസാക്കിയത്​. നേരത്തെ, വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ ജില്ലാ വിവാഹ രജിസ്ട്രേഷൻ ഓഫീസർക്ക് (ഡിഎംആർഒ) മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. എന്നാൽ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായി ഡിഎംആർ ഒയെയും ബ്ലോക്ക് എംആർഒയെയും നിയമിക്കാൻ സർക്കാരിനെ അധികാരപ്പെടുത്തുന്നതായിരുന്നു പുതിയ ഭേദഗതി.

Eng­lish Sum­ma­ry : rajasthan gov­ern­ment can­celled child mar­riage bill

You may also like this video :

Exit mobile version