ബലാത്സംഗ കേസുകളില്‍ മുന്നില്‍ രാജസ്ഥാന്‍. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച കണക്കുകളുള്ളത്.
2020, 21 വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് രാജസ്ഥാനിലാണ്. 5,310 (2020) 6337 (2021) എന്നിങ്ങനെ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീസുരക്ഷയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമായി രാജസ്ഥാന്‍ മാറിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മധ്യപ്രദേശാണ് രണ്ടാം സ്ഥാനത്ത്. 2020ല്‍ 2339 ബലാത്സംഗ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ 2021ല്‍ 2,947 ആയി ഉയര്‍ന്നു.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങള്‍. കഴിഞ്ഞ വര്‍ഷം യഥാക്രമം 2845, 2496, 1,733 കേസുകളാണ് ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാഷ്ട്ര തലസ്ഥാനമായ ഡല്‍ഹിയില്‍ 1250 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2020ല്‍ 997 ആയിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി എന്‍സിആര്‍ബി കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ടിരുന്നില്ല.
അതേസമയം രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കഴിഞ്ഞ വര്‍ഷം വന്‍ വര്‍ധനവ് ഉണ്ടായതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2021ല്‍ മാത്രം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 4,28,278 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടു മുമ്പുള്ള വര്‍ഷത്തെ കണക്കുമായി (3,71,503) താരതമ്യം ചെയ്യുമ്പോള്‍ കേസുകളില്‍ 15.3 ശതമാനം വര്‍ധന രേഖപ്പെടുത്തി.
ഒരു ലക്ഷത്തില്‍ അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകളുടെ നിരക്ക് 2020ല്‍ 56.5 ആയിരുന്നെങ്കില്‍ 2021ല്‍ ഇത് 64.5 ആയി ഉയര്‍ന്നു. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 16.5 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 2021 (1,49,404) 2020 (1,28,531) എന്നിങ്ങനെയാണ് കണക്ക്. തട്ടിക്കൊണ്ടു പോകല്‍ (45 ശതമാനം), പോക്സോ (38.1) എന്നിങ്ങനെയാണ് നിരക്ക്.
English Summary: Rajasthan is at the forefront of rape cases
You may like this video also