Site iconSite icon Janayugom Online

രാജകീയ ജയം; മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി രാജസ്ഥാന്‍

സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തറപറ്റിച്ച് രാജസ്ഥാന്‍ റോയല്‍സ്. 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്നിങ്സ് 165 റണ്‍സില്‍ ഒതുങ്ങി. ജോസ് ബട്ലറുടെ സെഞ്ചുറിയുടെ മികവിലാണ് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ജോസ് ബട്ലര്‍ (68 പന്തില്‍ 100) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഷിംറോന്‍ ഹെറ്റ്മെയര്‍ (14 പന്തില്‍ 35), സഞ്ജു സാംസണ്‍ (21 പന്തില്‍ 30) എന്നിവര്‍ രാജസ്ഥാനായി ബാറ്റിങ്ങില്‍ തിളങ്ങി.

മുംബൈക്കായി തിലക് വര്‍മ (33 പന്തില്‍ 61), ഇഷാന്‍ കിഷന്‍ (43 പന്തില്‍ 54) അര്‍ധ സെഞ്ചുറിയോടെ തിളങ്ങി. എന്നാല്‍ ലക്ഷ്യത്തിലെത്താനായില്ല. യുസ്‌വേന്ദ്ര ചഹാല്‍, നവദീപ് സൈനി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം രാജസ്ഥാനായി പങ്കിട്ടു. യശ്വസി ജയ്‌സ്വാള്‍, ദേവദത്ത് പടിക്കല്‍ എന്നിവര്‍ തുടക്കത്തില്‍ പുറത്തായതിന്റെ പതര്‍ച്ചയില്‍ നിന്നും ബട്ലറും സഞ്ജുവുമാണ് കരകയറ്റിയത്. നാലാം ഓവറില്‍ മലയാളിതാരം ബേസില്‍ തമ്പിക്കെതിരെ ബട്‌ലര്‍ നേടിയ 26 റണ്‍സ് രാജസ്ഥാന്റെ കുതിപ്പിന് ശക്തി പകര്‍ന്നു.

ബട്‌ലര്‍ മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം ബേസിലിന്റെ ഓവറില്‍ വാരിക്കൂട്ടിയതോടെ രാജസ്ഥാന്‍ ട്രാക്കിലായി. മൂന്നാം വിക്കറ്റില്‍ 82 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. സഞ്ജു പുറത്തായശേഷം എത്തിയ ഹെറ്റ്‌മെയറും മികച്ച പ്രകടനം പുറത്തെടുത്തതോടെ രാജസ്ഥാന്‍ 200 കടക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വീണതോടെ സ്കോറിങിന് വേഗം കുറഞ്ഞു. മുംബൈക്കായി ജസ്‌പ്രീത് ബുംറയും ടൈമല്‍ മില്‍സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ പൊള്ളാര്‍ഡ് ഒരു വിക്കറ്റും സ്വന്തമാക്കി. 

Eng­lish Summary:Rajasthan roy­als beat Mum­bai Indians
You may also like this video

Exit mobile version