Site iconSite icon Janayugom Online

രാജീവ് ഗാന്ധി വധക്കേസ്: നളിനിക്ക് 30 ദിവസത്തെ പരോള്‍

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എസ് നളിനിക്ക് 30 ദിവസത്തെ പരോള്‍ അനുവദിച്ചു. പരോള്‍ നല്‍കാന്‍ തീരുമാനിച്ചതായി തമിഴ്‌നാട് സര്‍ക്കാരാണ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചത്. മൂന്ന് പതിറ്റാണ്ട് നീണ്ട ജയില്‍വാസത്തിനിടെ മൂന്നാം തവണയാണ് നളിനിക്ക് പരോള്‍ ലഭിക്കുന്നത്. അമ്മയുടെ ആരോഗ്യനില പരിഗണിച്ചാണ് നളിനിക്ക് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്. വെല്ലൂര്‍ ബ്രഹ്മപുരത്ത് താമസിക്കുന്ന അമ്മയെ പരിചരിക്കാനായി 30 ദിവസം പരോളിന് അനുമതി തേടി നളിനി ആഴ്ചകള്‍ക്ക് മുമ്പ് ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍ അത് പരിഗണിക്കപ്പെട്ടില്ല. പിന്നീട് നളിനിയുടെ അമ്മ പത്മ മുഖ്യമന്ത്രി എം കെ സ്റ്റാലിന് നിവേദനം നല്‍കി. അതിലും തീരുമാനമുണ്ടായില്ല. തുടര്‍ന്നാണ് തന്റെ ആരോഗ്യവിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പത്മ മദ്രാസ് ഹൈക്കോടതിയില്‍ റിട്ട് ഹർജി ഫയല്‍ ചെയ്യുന്നത്. കേസ് വീണ്ടും പരിഗണനയ്ക്കെടുത്തപ്പോള്‍ പരോള്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ചില നടപടിക്രമങ്ങളും പരോള്‍ അനുവദിക്കുന്നതിന് ഏര്‍പ്പെടുത്തിയ വ്യവസ്ഥകളും അംഗീകരിച്ചതിന് ശേഷം പ്രതിയെ ജയിലില്‍നിന്ന് പുറത്തുകടക്കാന്‍ അനുവദിക്കുമെന്ന് ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിമാരായ പി എന്‍ പ്രകാശ്, ആര്‍ ഹേമതല എന്നിവര്‍ മുമ്പാകെ സംസ്ഥാന പബ്ലിക് പ്രോസിക്യൂട്ടര്‍ (എസ്പിപി) ഹസന്‍ മുഹമ്മദ് ജിന്ന അറിയിച്ചു. 2016ലാണ് നളിനി ആദ്യമായി പരോളില്‍ ഇറങ്ങിയത്. അന്ന് അച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ 24 മണിക്കൂര്‍ മാത്രം പുറത്തിറങ്ങി. പിന്നീട് മകള്‍ ഹരിത്രയുടെ വിവാഹത്തിനായി 2019 ജൂലൈ 25 മുതല്‍ 51 ദിവസം നളിക്ക് പരോള്‍ ലഭിച്ചു. രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നളിനിയും പേരറിവാളനും ഉള്‍പ്പെടെ ഏഴ് പേര്‍ 30 വര്‍ഷത്തോളമായി ജയിലില്‍ കഴിയുകയാണ്.

eng­lish sum­ma­ry; Rajiv Gand­hi assas­si­na­tion case: Nali­ni gets 30 days parole

you may also like this video;

Exit mobile version